‘ഉമർ ഖാലിദ്, ശർജീൽ ഇമാം അടക്കമുള്ളവർക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കണം,’ പൊലീസിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൗരത്വ സമരം നയിച്ചതിന് ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തി അഞ്ചുവർഷമായി ജയിലിലടച്ചിരിക്കുന്ന ഉമർ ഖാലിദ്, ശർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ശിഫാഉർറഹ്മാൻ എന്നിവർക്ക് ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ സുപ്രീംകോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷകളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച കൂടി അനുവദിക്കണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഒരാഴ്ചയെങ്കിലും നൽകണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യവും തള്ളിയ സുപ്രീം കോടതി, വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു. ജാമ്യാപേക്ഷകളിൽ എതിർസത്യവാങ്മൂലം സമർപ്പിക്കേണ്ട കാര്യമെന്താണെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചു.
പൗരത്വ സമര നേതാക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്‍വി തുടങ്ങിയവരുടെ വാദം അംഗീകരിച്ച സുപ്രീംകോടതി അഞ്ചുവർഷമായി ഇവർ ജയിലിലാണെന്നും ജാമ്യാപേക്ഷകൾക്ക് മറുപടി നൽകാൻ വേണ്ടുവോളം സമയം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

