ബില്ലുകളിൽ ഗവർണർക്ക് സമയപരിധി: ഭരണഘടനാ ബെഞ്ചിൽ ഭിന്നാഭിപ്രായം
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർക്ക് സമയപരിധി വെച്ച സുപ്രീംകോടതി വിധി ചോദ്യം ചെയ്തുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റഫറൻസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ഭിന്നാഭിപ്രായം. ബില്ലുകളിൽ ഗവർണർമാർ കാലതാമസം വരുത്താതെ തീരുമാനമെടുക്കണമെന്ന കാര്യത്തിൽ അഞ്ചംഗ ബെഞ്ച് യോജിച്ചപ്പോൾതന്നെ അതിനായി കോടതി സമയപരിധി നിശ്ചയിക്കുന്നതിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. സമയപരിധി നിശ്ചയിക്കുന്നതിനോട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി യോജിച്ചപ്പോൾ ഇത് ആശാസ്യമല്ല എന്ന നിലപാടാണ് ജസ്റ്റിസ് പി.എസ്. നരസിംഹ സ്വീകരിച്ചത്.
സമയക്രമം നിശ്ചയിക്കാത്ത പല നിയമങ്ങൾക്കും സുപ്രീംകോടതി സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടിയപ്പോൾ നിയമങ്ങൾ പോലെയല്ല, ഭരണഘടനാ വ്യവസ്ഥകളെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ പരസ്യമായി ഖണ്ഡിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിന് പാർലമെന്റ് പാസാക്കിയ നിയമത്തിൽ സമയപരിധി പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ, കോടതി അഞ്ചുവർഷത്തെ സമയപരിധി നിശ്ചയിച്ചുവെന്ന് ചീഫ് ജസ്റ്റിസ് ഗവായി തന്റെ നിലപാടിന് ഉപോദ്ബലകമായ ഉദാഹരണമായി എടുത്തുകാട്ടുകയും ചെയ്തു. എന്നാൽ, നിയമത്തിലെ വ്യവസ്ഥകൾക്ക് സമയപരിധി വെച്ചതുപോലെ ഇത് കാണരുതെന്നും ഭരണഘടനാപരമായ വ്യവസ്ഥകളിൽ കാര്യം വ്യത്യസ്തമാണെന്നും ജസ്റ്റിസ് നരസിംഹ ചീഫ് ജസ്റ്റിസിനോട് വിയോജിച്ചു.
നിയമ നിർമാണം എത്രയും വേഗത്തിലാകണമെന്നില്ല എന്ന് താൻ പറയുന്നില്ലെന്ന് അദ്ദേഹം തുടർന്നു. അതെന്നു കരുതി കോടതികൾ സമയപരിധി നിശ്ചയിക്കുന്നത് അപായ സാധ്യതയാണ്. ഭരണഘടനാപരമായ അധികാരം പ്രയോഗിക്കേണ്ടത് അധികാരത്തിനുള്ളിൽ നിന്ന് തന്നെയാണെന്നും ആരും അടിച്ചേൽപിക്കേണ്ടതല്ലെന്നും റഫറൻസിനെ എതിർത്ത സംസ്ഥാനങ്ങളുടെ വാദത്തിൽ ഇടപെട്ട് ജസ്റ്റിസ് നരസിംഹ പറഞ്ഞു.
എന്നിട്ടും സമയപരിധി നിശ്ചയിക്കാമെന്ന നിലപാടിൽ തന്നെയായിരുന്നു ചീഫ് ജസ്റ്റിസ് ഗവായ്. എന്തെങ്കിലും അടിയന്തര സ്വഭാവമുണ്ടെങ്കിൽ ഗവർണർ 24 മണിക്കൂറിനുള്ളിൽ പ്രവർത്തിക്കണമെന്നുണ്ടോ എന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചപ്പോൾ മനേക ഗാന്ധി കേസിൽ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗവായി പ്രതികരിച്ചു. ബാങ്ക് ദേശസാത്കരണത്തിന്റെ കാര്യത്തിൽ എന്നപോലെ അടിയന്തരമായി പ്രവർത്തിക്കേണ്ടി വന്നേക്കാം എന്ന് പഞ്ചാബിന്റെ അഭിഭാഷകൻ അരവിന്ദ് ദത്താർ ജസ്റ്റിസ് വിക്രം നാഥിന് നൽകിയ മറുപടിയുടെ തുടർച്ചയായിട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ഗവർണർമാർ ദന്തഗോപുരങ്ങളിലിരുന്ന് തീരുമാനം വൈകിപ്പിക്കരുത് –കേരളം
ന്യൂഡല്‍ഹി: ഗവർണർമാർ ദന്തഗോപുരങ്ങളിലിരുന്ന്, നിയമസഭകൾ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെ രാഷ്ട്രപതിയുടെ റഫറൻസിനെ എതിർത്ത് കേരളത്തിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ ചോദ്യം ചെയ്തു. കഴിയുന്നതും വേഗം എന്ന് ഭരണഘടന അനുച്ഛേദത്തിൽ പറയുമ്പോൾ അതിനർഥം യുക്തിസഹമായ സമയത്തിനകം എന്നാണെന്നും അനിശ്ചിതകാലത്തേക്ക് എന്ന ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. പഞ്ചാബിനുവേണ്ടി അരവിന്ദ് ദത്താറും തമിഴ്നാടിനുവേണ്ടി ഗോപാൽ ശങ്കരനാരായണനും രാഷ്ട്രപതിയുടെ റഫറൻസിനെ എതിർത്തു.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി ശരിയാണെന്ന് വേണുഗോപാൽ വാദിച്ചു. ‘ആറു മാസത്തിനകം’ എന്ന് ആദ്യം എഴുതിയ വാക്കുകൾ ഭരണഘടന അസംബ്ലി മാറ്റി ‘കഴിയുന്നതും വേഗം’ എന്നാക്കി മാറ്റിയത് കാലതാമസം വരുത്താതിരിക്കാനായിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളെ കുറിച്ച് വ്യക്തമായ ധാരണ ഗവര്‍ണര്‍ക്കുണ്ട്. അതിന് പുറമെ ഗവര്‍ണര്‍ക്ക് ജനങ്ങളോട് ബാധ്യതയുമുണ്ട്.
ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറുകളോട് ശത്രുതാ മനോഭാവത്തില്‍ അല്ല പ്രവര്‍ത്തിക്കേണ്ടത്. നിലവിൽ ബിഹാർ ഗവർണറും മുൻ കേരള ഗവർണറുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാരോട് ബില്ലിെന കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഗവര്‍ണര്‍മാര്‍ സര്‍ക്കാറുമായി ഏറ്റുമുട്ടലിന്റെ പാതയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, മുതിർന്ന അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരും കേരളത്തിനായി സുപ്രീംകോടതിയിൽ ഹാജരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.