'രാജ്യത്തിന് അതറിയാനുള്ള അവകാശമുണ്ട്'; മോദി സത്യം പറയണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ‘മോദി ജി, വിമാനങ്ങളുടെ കാര്യത്തിൽ സത്യം എന്താണ്’ എന്ന ചോദ്യത്തോടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചുവീഴ്ത്തിയെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ചു.രാജ്യത്തിന് അതറിയാനുള്ള അവകാശമുണ്ടെന്നും രാഹുൽ പറഞ്ഞു.
ട്രംപിന്റെ വെളിപ്പെടുത്തലിൽ മോദി പാർലമെന്റിൽ മറുപടി പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. മെയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൽ ‘അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടു’ എന്ന പുതിയ വെളിപ്പെടുത്തലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്.
തന്റെ ഇടപെടലിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിച്ചതെന്ന വാദം ട്രംപ് തന്റെ പുതിയ പ്രസ്താവനയിൽ ആവർത്തിച്ചു . എന്നാൽ ജെറ്റുകൾ രണ്ട് രാജ്യങ്ങളുടെയും കൈകളിലാണോ നഷ്ടപ്പെട്ടത് അതോ സംയുക്ത നഷ്ടങ്ങളെയാണോ പരാമർശിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ സെനറ്റർമാർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പാകിസ്താനും... വാസ്തവത്തിൽ, വിമാനങ്ങൾ ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു... നാലോ അഞ്ചോ. പക്ഷേ അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു... അത് കൂടുതൽ വഷളായിക്കൊണ്ടിരുന്നു, അല്ലേ? അത് കൈവിട്ട് പോകുന്നതുപോലെ തോന്നി. ഇവ രണ്ട് ഗുരുതരമായ ആണവ രാജ്യങ്ങളാണ്, അവ പരസ്പരം പോരടിക്കുകയായിരുന്നു. വളരെ ശക്തമായ ആണവ രാഷ്ട്രങ്ങളാണ് രണ്ടും. വ്യാപാരത്തിലൂടെയാണ് ഞങ്ങൾ അത് പരിഹരിച്ചത്. നമ്മൾ ഒരുപാട് യുദ്ധങ്ങളാണ് പരിഹരിച്ചത്. ഗൗരവതരമായ യുദ്ധങ്ങളായിരുന്നു അവ എന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്കയുടെ മധ്യസ്ഥതയില്ലാതെ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തിയതിനെത്തുടർന്ന് മെയ് 10 ന് വെടിനിർത്തൽ കരാർ ഒപ്പിട്ടതോടെ ഇരു രാജ്യങ്ങളും സൈനിക നടപടികൾ നിർത്തിവച്ചതായി ഇന്ത്യ നിരന്തരം വാദിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.