കോടതി വിധികൾ ‘ഭാരതീയം’ ആകണം; നിലപാട് വ്യക്തമാക്കി നിയുക്ത ചീഫ് ജസ്റ്റിസ്; കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും മധ്യസ്ഥ നീക്കങ്ങൾക്കും മുൻഗണന
text_fieldsനിയുക്ത ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്
ന്യൂഡൽഹി: ഇന്ത്യൻ കോടതികളുടെ വിധി പ്രസ്താവങ്ങൾ ‘ഭാരതീയം’ ആകണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും ജാമ്യ ഹരജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും കോടതിക്ക് പുറത്തുള്ള മധ്യസ്ഥതക്കുമായിരിക്കും തന്റെ മുൻഗണനയെന്നും നിയുക്ത ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്. രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ചുമതലയേൽക്കുന്നതിന് മുന്നോടിയായി തന്റെ ഔദ്യോഗിക വസതിയായ 7, കൃഷ്ണ മേനോൻ മാർഗിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
2027 ഫെബ്രുവരി ഒമ്പത് വരെ അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. 75 വർഷത്തെ ഉജ്ജ്വല ചരിത്രമുള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് വിദേശ രാജ്യങ്ങളുടെ വിധി പ്രസ്താവങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല. സുപ്രീംകോടതി വിധികൾ തന്നെ വേണ്ടുവോളമുണ്ട്. വിദേശ രാജ്യങ്ങളിൽനിന്ന് വ്യതിരിക്തമാണ് ഇന്ത്യയുടെ സാമൂഹിക സാഹചര്യം എന്നതിനാൽ വിദേശ കോടതി വിധികൾക്ക് പകരം സുപ്രീംകോടതിയുടെ തന്നെ വിധികളെ ആശ്രയിക്കുകയായിരിക്കും ഉചിതം. രാഷ്ട്രപതിയുടെ റഫറൻസിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും താനും വിധി ഭാരതീയമാകണമെന്ന നിലപാടാണ് കൈകൊണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പരമാവധി കേസുകൾ ഹൈകോടതി കേൾക്കണമെന്നും അത് കഴിഞ്ഞ് സുപ്രീംകോടതിയിലേക്ക് വന്നാൽ മതിയെന്നുമാണ് തന്റെയും നിലപാട്. അതേസമയം ദേശീയ പ്രാധാന്യമുള്ള കേസുകൾ അടിയന്തരമായി കേൾക്കേണ്ടി വരും. അതിൽ അഭിഭാഷകന്റെ വലുപ്പ ചെറുപ്പം നോക്കേണ്ടതില്ല. സമൂഹ മാധ്യമങ്ങളിലെ ട്രോളുകളെയും വിമർശനങ്ങളെയും താൻ ഭയക്കുന്നില്ലെന്നും അവ തന്റെ തീർപ്പുകളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല.
കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ ശുഭകരമായ ഒരു വാർത്തക്ക് ഡിസംബർ ഒന്ന് വരെ കാത്തിരിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് തുടർന്നു. കേസുകൾ കുന്നുകൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട മാർഗമാണ് കോടതിക്ക് പുറത്തുള്ള മധ്യസ്ഥം. മധ്യസ്ഥത്തിനുള്ള കൂടുതൽ വേദികളുണ്ടാകേണ്ടതുണ്ട്. സർക്കാർ ഏറ്റവും വലിയ കക്ഷിയായതിനാൽ ഇക്കാര്യത്തിൽ സർക്കാറുമായും ആശയവിനിമയം നടത്തുമെന്നും സൂര്യകാന്ത് പറഞ്ഞു. കോടതി വ്യവഹാരങ്ങളിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതിന് ഗുണകരമാണെങ്കിലും വെല്ലുവിളി നിറഞ്ഞത് കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സത്യപ്രതിജ്ഞയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചീഫ് ജസ്റ്റിസുമാർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

