കോവിഡ് രണ്ടാംതരംഗം ജൂലൈയിൽ കുറയും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷമെന്ന് ഗവ. പാനൽ
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലൈയോടെ കുറയുമെന്ന് വിദഗ്ധ പാനലിന്‍റെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും മൂന്നംഗ പാനൽ ചൂണ്ടിക്കാട്ടി. ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ശാസ്ത്ര-സാങ്കേതിക വിഭാഗം രൂപവത്കരിച്ച പാനലിന്‍റെ വിലയിരുത്തലുകളാണിതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സൂത്ര(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ച് സമിതി എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ അനുസരിച്ച് മേയ് അവസാനത്തോടെ രാജ്യത്തെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ പ്രതിദിന കേസുകള്‍ ഇരുപതിനായിരമാകും.
ഡല്‍ഹി, ഗോവ എന്നിവിടങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി പാനൽ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രഫസറുമായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
മേയ് 29നും 31നും ഇടയിൽ തമിഴ്നാട്ടിലും മേയ് 19-20നുമിടയിൽ പുതുച്ചേരിയിലും രോഗബാധ ഉച്ചസ്ഥായിയില്‍ എത്തുമെന്നും സൂത്ര രീതിയിൽ കണ്ടെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ രോഗാവസ്ഥയുടെ ഉച്ചസ്ഥായി ദർശിക്കുമെന്നും പാനൽ പറയുന്നു. അസമിൽ മേയ് 20-21നും മേഘാലയിൽ മേയ് 30നും ത്രിപുരയിൽ മേയ് 26-27നും ഹിമാചല്‍ പ്രദേശില്‍ മേയ് 24നും പഞ്ചാബില്‍ മേയ് 22നും കോവിഡ് കേസുകള്‍ ഉച്ചസ്ഥായിയിലെത്തും.
സൂത്ര മോഡല്‍ അനുസരിച്ച് ആറു മുതല്‍ എട്ടുമാസത്തിനകം കോവിഡിന്‍റെ മൂന്നാംതരംഗം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന്‍റെ ആഘാതത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യും. മൂന്നാം തരംഗം വലിയ ഭീഷണിയാകില്ലെന്നും വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ലെന്നും പ്രഫ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മാസം വരെ മൂന്നാംതരംഗം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.