കോവിഷീൽഡ് വാക്സിൻ: പരീക്ഷണം അതിവേഗം; ഉൽപാദനവും തുടങ്ങി
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ പ്രതിരോധത്തിൽ രാജ്യത്തിെൻറ വലിയ പ്രതീക്ഷയായ 'കോവിഷീൽഡ്' വാക്സിെൻറ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും (ഐ.സി.എം.ആർ) പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (സൈ)അറിയിച്ചു.
രാജ്യത്തെ 15 കേന്ദ്രങ്ങളിലായി രണ്ട്, മൂന്ന് ഘട്ടം പരീക്ഷണങ്ങൾ നടന്നുവരുകയാണ്. ഇതുവരെയുള്ള ഫലം ആശാവഹമാണെന്നും രാജ്യത്ത് മനുഷ്യരിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും നൂതന വാക്സിനാണ് കോവിഷീൽഡെന്നും ഐ.സി.എം.ആർ പറഞ്ഞു. അന്തിമഫലം പുറത്തുവരുന്നതിനൊപ്പം വാക്സിൻ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണ്.
സ്വന്തം ഉത്തരവാദിത്തത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ 40 ദശലക്ഷം യൂനിറ്റ് വാക്സിനുകൾ ഉൽപാദിപ്പിച്ചു കഴിഞ്ഞു. ഇതു സൂക്ഷിച്ചുവെക്കാൻ ഡ്രഗ്സ് കൺട്രോളറിൽനിന്ന് അനുമതിയും ലഭിച്ചിട്ടുണ്ട്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി, ആസ്ട്ര സെനേക്ക കമ്പനിയുമായി ചേർന്നാണ് കോവിഷീൽഡ് വികസിപ്പിച്ചത്.
പ്രത്യേക അനുമതിയോടെയാണ് ഈ വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത്. ബ്രിട്ടൺ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും കോവിഷീൽഡ് അവസാനഘട്ട പരീക്ഷണത്തിലാണ്.
അമേരിക്കയിലെ നോവവാക്സ് കമ്പനി വികസിപ്പിച്ച കൊവോവാക്സ് വാക്സിൻ രാജ്യത്ത് നിർമിക്കാനും ഐ.സി.എം.ആറും സിറം ഇൻസ്റ്റിറ്റ്യൂട്ടും ധാരണയിലെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.