അസമിൽ ഗോവധാരോപണം: മുസ്ലിം വീടുകൾക്ക് നേരെ അക്രമം; അക്രമികൾക്കെതിരെ നടപടി
text_fieldsഅസം: അസമിലെ കൊക്രജാറിൽ ഗോവധം ആരോപിച്ച് മുസ്ലിം കുടുംബങ്ങളുടെ വീടുകൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ബുധനാഴ്ച നയാസാര ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ ഒരാളുടെ വീട്ടുമുറ്റത്ത് മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. വീട്ടുമുറ്റത്ത് കണ്ടെത്തിയത് ഗോമാംസമാണെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകൾ അക്രമാസക്തരാവുകയായിരുന്നു. എന്നാൽ, ഇത് ബോധപൂർവം ആരെങ്കിലും ഉപേക്ഷിച്ചതാണെന്നും സമീപത്തെ വിവാഹച്ചടങ്ങിൽ നിന്ന് തെരുവുനായ്ക്കൾ കൊണ്ടുവന്നതാകാമെന്നും നാട്ടുകാരിൽ ചിലർ വാദിക്കുന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് അക്രമികൾ വീടുകൾ തകർത്തത്. വീടുകളുടെ മേൽക്കൂരയും സാധനങ്ങളും തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം നടന്നത്. സംഭവത്തിൽ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാൻ മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത മാംസാവശിഷ്ടങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനും കലാപത്തിന് ആഹ്വാനം ചെയ്തവരെയും അക്രമത്തിൽ പങ്കെടുത്തവരെയും തിരിച്ചറിയാനുമുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് സമാധാനം നിലനിർത്തണമെന്ന് ഇരുവിഭാഗം ജനങ്ങളോടും ഭരണകൂടം അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

