സി.പി.എം കേന്ദ്ര കമ്മിറ്റി; ഒഴിവുകളിൽ പരിഗണന ചെറുപ്പക്കാർക്ക്
text_fieldsമധുര (തമിഴ്നാട്): സി.പി.എം പാർട്ടി കോൺഗ്രസ് 75 വയസ്സ് പ്രായപരിധി കർശനമാക്കിയാൽ, കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാകുന്നവർക്ക് പകരമായി കേരളത്തിൽനിന്ന് പരിഗണിക്കുക യുവനിരയിലുള്ളവരെ. 85 അംഗ കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽനിന്നുള്ള 17 പേരിൽ മുൻമന്ത്രിമാർ കൂടിയായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവർക്കാണ് പ്രായപരിധി തടസ്സമാവുക.
മാത്രമല്ല ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽനിന്നുള്ളവരിലടക്കം പത്തോളം പേർ ഒഴിയാനുള്ളതിനാൽ, മെംബർഷിപ്പിലെ വർധനയടക്കം മുൻനിർത്തി കേരളത്തിന് കൂടുതൽ പരിഗണനക്കും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ്, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എന്നിവരും വനിത േക്വാട്ടയിൽ ടി.എൻ. സീമ, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരെയുമാവും പരിഗണിക്കുക.
ഇതിൽ പി.കെ. ബിജുവും ടി.എൻ. സീമയും എം.പി മാരായി പ്രവർത്തിച്ചത് മുതൽക്കൂട്ടുമാണ്. പ്രായപരിധിക്ക് തൊട്ടടുത്ത് എത്തിനിൽക്കുന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പേരും കേന്ദ്രകമ്മിറ്റിയിലേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്.
അതേസമയം തന്നെ, ജനാധിപത്യ മഹിള അസോസിയേഷന്റെ ദേശീയ അധ്യക്ഷയെന്ന നിലയിൽ ശ്രീമതിയെ കമ്മിറ്റിയിൽനിലനിർത്തണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ നിലവിൽ 15 വനിതകളാണുള്ളത്. കേന്ദ്ര കമ്മിറ്റിയിൽ 20 ശതമാനമെങ്കിലും വനിത പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
17 അംഗ പോളിറ്റ് ബ്യൂറോയിൽ പിണറായി വിജയൻ, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, സുർജ്യകാന്ത മിശ്ര, ജി. രാമകൃഷ്ണൻ എന്നിവർക്കാണ് പ്രായപരിധി കുടുക്കുള്ളത്. പാർട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന നിലക്ക് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് കിട്ടും. പാർട്ടിക്ക് വനിത ജനറൽ സെക്രട്ടറി വരുമോ എന്നത് ‘സസ്പെൻസാണ്’. അങ്ങനെയെങ്കിൽ വയസ്സിളവ് നൽകിയാവും വൃന്ദ കാരാട്ടിനെ സെക്രട്ടറിയാക്കുക.
അതേസമയം, ഇത്തവണ വനിത സെക്രട്ടറി ഉണ്ടാവില്ലെന്നാണ് വൃന്ദ മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാവർക്കും ബാധകമാക്കി പ്രായപരിധി നടപ്പാക്കുമോ എന്നതിൽ അന്തിമ തീരുമാനം പാർട്ടി കോൺഗ്രസാണ് കൈക്കൊള്ളുകയെന്ന് പി.ബി. കോഓഡിനേറ്റർ പ്രകാശ് കാരാട്ടും വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ മുഖങ്ങളായ നേതാക്കൾ ഒന്നടങ്കം പടിയിറങ്ങുന്നത് സൃഷ്ടിച്ചേക്കാവുന്ന ആഘാതവും പാർട്ടി മുൻകൂട്ടി കാണുന്നുണ്ട്. അന്തരിച്ച സീതാറാം യെച്ചൂരിയുടെ ഒഴിവാണ് നിലവിൽ പി.ബിയിലുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിൽ ഇതിനകം കേരള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തി.
പ്രായപരിധിയും ആരോഗ്യ പ്രശ്നവും മുൻനിർത്തി വിരലിലെണ്ണാവുന്ന നേതാക്കളെ ഒഴിവാക്കിയാലും, പി.ബി അംഗങ്ങളുടെ എണ്ണം 17ൽ നിന്ന് വർധിപ്പിക്കാനിടയില്ല. പാർട്ടിയുടെ ആകെ മെംബർഷിപ്പിൽ കുറവുവന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
കേരളത്തിൽനിന്ന് പിണറായി വിജയൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവരാണ് പി.ബി അംഗങ്ങൾ. ഇതിലാർക്കും മാറ്റമുണ്ടാവില്ല. അതേസമയം,
കേരളത്തിന്റെ പി.ബി ‘േക്വാട്ട’ അഞ്ചായി വർധിപ്പിക്കുന്ന പക്ഷം ഇ.പി. ജയരാജൻ, ഡോ. ടി.എം. തോമസ് ഐസക്, കെ. രാധാകൃഷ്ണൻ, കെ.കെ. ശൈലജ എന്നീ മുതിർന്ന നേതാക്കളിലൊരാൾക്കാവും അവസരം ലഭിക്കുക. ഇ.പിയാണ് പട്ടികയിൽ ഒന്നാമതെങ്കിലും കേരള നേതൃത്വത്തോട് ഇടക്കാലത്ത് ഉടക്കിലായതും പ്രായപരിധിക്കരികിലെത്തി എന്നതും വിനയാണ്. ഏറെക്കാലമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിജു കൃഷ്ണ കേരള േക്വാട്ടയിലല്ലാതെതന്നെ പി.ബിയിലെത്തുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.