രാജ്യത്തിന്റെ ചരിത്രമോ ഫലസ്‌തീൻ ജനതക്ക് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതിക്കറിയില്ല -ബോംബെ ഹൈകോടതിക്കെതിരെ സി.പി.എം
text_fieldsന്യൂഡൽഹി: ഗസ്സയിലെ മനുഷ്യക്കുരുതിക്കെതിരായ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈകോടതി നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ. രാജ്യത്തിന്റെ ചരിത്രമോ ഫലസ്‌തീൻ ജനതക്ക് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതിക്കറിയില്ലെന്നും കേന്ദ്രസർക്കാർ നിലപാടിനോട് രാഷ്‌ട്രീയപക്ഷപാതം പുലർത്തുന്ന വിധത്തിലാണ് കോടതി നിരീക്ഷണമെന്നും സി.പി.എം കുറ്റപ്പെടുത്തി.
ജൂൺ 17ന് നടത്താനിരുന്ന പ്രതിഷേധ റാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ സി.പി.എം നൽകിയ ഹരജി തള്ളി ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖഡ് എന്നിവരുടെ ബെഞ്ചാണ് സി.പി.എമ്മിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നത്. രാജ്യത്ത് ഏറെ വിഷയങ്ങൾ നിലനിൽക്കെ എന്തിനാണ് ആയിരം മയിലുകൾക്കപ്പുറമുള്ള വിഷയത്തിൽ പ്രതിഷേധിക്കുന്നത് എന്നാണ് കോടതി ചോദിച്ചത്. ഫലസ്തീനെയോ ഇസ്രായേലിനെയോ പിന്തുണക്കുമ്പോൾ രാജ്യത്തിന്റെ വിദേശകാര്യ നയത്തെ അതെങ്ങനെയാണ് ബാധിക്കുകയെന്ന് നിങ്ങൾക്ക് മനസ്സിലാകില്ലെന്നും ഇത് ദേശസ്നേഹമല്ലെന്നും ദേശസ്നേഹം കാണിക്കൂവെന്നും കോടതി പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കിയത്. 1940കളിൽ തന്നെ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും തുടർന്ന് സ്വതന്ത്ര ഇന്ത്യയുടെ വിദേശനയവും പലസ്‌തീൻ ജനതയുടെ സ്വതന്ത്ര മാതൃരാജ്യമെന്ന അവകാശത്തിന് പിന്തുണ നൽകിയെന്ന വസ്‌തുത കോടതി മറികടന്നു എന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇസ്രയേൽ കടന്നാക്രമണത്തിന് എതിരെ അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധവും യു.എൻ സമിതികളുടെയും അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളും ഹൈകോടതി തിരിച്ചറിയുന്നില്ല എന്നും സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വിമർശിച്ചു.
സിപിഎം പോളിറ്റ് ബ്യുറോയുടെ പ്രസ്താവന പൂർണ രൂപത്തിൽ:
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം നൽകിയ ഹർജി തള്ളി ബോംബൈ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാവിരുദ്ധമാണ്. ഇങ്ങനെ ചെയ്‌ത കോടതി സിപിഐ എമ്മിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യാനും മുതിർന്നു. രാഷ്‌ട്രീയ പാർടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളോ രാജ്യത്തിന്റെ ചരിത്രമോ സ്വന്തം രാജ്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ അവകാശത്തിന് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതിയുടെ ശ്രദ്ധയിൽവന്നിട്ടില്ലെന്ന് കരുതണം. കേന്ദ്രസർക്കാർ നിലപാടിനോട് രാഷ്‌ട്രീയപക്ഷപാതം പുലർത്തുന്ന വിധത്തിലാണ് കോടതി നിരീക്ഷണം.
കോടതി ഇങ്ങനെയാണ് നിരീക്ഷിച്ചത്: ‘‘ ഇത് ഉയർത്താൻ പോകുന്ന പൊടിപടലങ്ങൾ നിങ്ങൾക്കറിയില്ല. പലസ്‌തീൻ പക്ഷത്തോ ഇസ്രയേൽ പക്ഷത്തോ ചേരുക; നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് എന്തിനാണ്? രാജ്യത്തിന്റെ വിദേശകാര്യമാണ് ഇതെന്ന് നിങ്ങളുടെ പാർടിക്ക് അറിയില്ലെന്ന് തോന്നുന്നു’’. ഇങ്ങനെ കൂടി കോടതി പറഞ്ഞു: ‘‘ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌ത സംഘടനയാണ് നിങ്ങളുടേത്. ചപ്പുചവർ പ്രശ്‌നം, മലിനീകരണം, വെള്ളക്കെട്ട്, മലിനജല പ്രശ്‌നം എന്നിവ നിങ്ങൾക്ക് ഏറ്റെടുക്കാം. ഇതൊന്നും ചെയ്യാതെ ആയിരക്കണക്കിന് മൈൽ അകലെയുള്ള വിഷയത്തിൽ പ്രതിഷേധിക്കുകയാണ് നിങ്ങൾ’’.
1940കളിൽ തന്നെ മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും തുടർന്ന് സ്വതന്ത്ര ഇന്ത്യയുടെ വിദേശനയവും പലസ്‌തീൻ ജനതയുടെ സ്വതന്ത്ര മാതൃരാജ്യമെന്ന അവകാശത്തിന് പിന്തുണ നൽകിയെന്ന വസ്‌തുത കോടതി മറികടന്നു. ഇസ്രയേൽ കടന്നാക്രമണത്തിന് എതിരെ അന്താരാഷ്‌ട്ര തലത്തിൽ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധവും യുഎൻ സമിതികളുടെയും അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളും ഹൈക്കോടതി തിരിച്ചറിയുന്നില്ല. കോടതി നിലപാടിനെ അപലപിക്കുന്നു. കോടതിയുടെ നിലപാടിൽ പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.
- സിപിഐ എം പോളിറ്റ് ബ്യുറോ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.