ജാതി കണക്കെടുപ്പും പൊതു സെൻസസും ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തോട് സി.പി.എം; പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കി
text_fieldsമധുരയിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
മധുര: കേരളത്തിൽ ജാതി സർവേ നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ ഇടതു സർക്കാർ ഉരുണ്ടുകളിക്കുമ്പോൾ, കേന്ദ്രത്തോട് ജാതി സെൻസസ് ആവശ്യപ്പെട്ട് സി.പി.എം. പൊതു സെൻസസും ജാതി കണക്കെടുപ്പും ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മധുരയിൽ പുരോഗമിക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസ് വെള്ളിയാഴ്ച പാസാക്കി. 2020ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് ജോലികൾ കോവിഡിന്റെ പേരിൽ മാറ്റിവെച്ചത് ഇതുവരെ തുടങ്ങിയിട്ടില്ല. ബ്രിട്ടീഷ് കാലം മുതൽ എല്ലാ 10 വർഷത്തിലും ഒരിക്കൽ സെൻസസ് നടക്കാറുണ്ട്. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന അസമത്വത്തിന്റെ കണക്കുകൾ മറച്ചുവെക്കാനുള്ള ഹിന്ദുത്വശക്തികളുടെ താൽപര്യമാണ് സെൻസസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ജാതി സർവേ നടത്തി വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി സംവരണ പട്ടിക പുതുക്കണമെന്ന് 2020ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മൈനോറിറ്റി ഇന്ത്യൻ പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാന്റെ ഹരജിയിലായിരുന്നു വിധി. അത് നടപ്പാക്കാൻ കേരളത്തിലെ ഇടതു സർക്കാർ ഇതുവരെ തയാറായിട്ടില്ല. സെൻസസ് നടത്തേണ്ടത് സംസ്ഥാന സർക്കാറല്ല, കേന്ദ്രസർക്കാറിെന്റ ജോലിയാണ് അതെന്നുമാണ് പിണറായി സർക്കാറിെന്റ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ജാതി സർവേ നടത്താനുള്ള മുൻ ഉത്തരവ് നടപ്പാക്കാത്തതിന് പിണറായി സർക്കാറിനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടിക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അതിനിടെ, പ്രതിപക്ഷം പലകുറി ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചുവെങ്കിലും ജാതി സർവേക്ക് എതിരായ നിലപാട് ഇടതുസർക്കാർ തിരുത്തിയിട്ടില്ല.
കോടതിയലക്ഷ്യ നടപടികളിൽ സുപ്രീംകോടതിയുടെ തീർപ്പ് വരുന്നതുവരെ ജാതി സർവേ സംബന്ധിച്ച ഒരു തീരുമാനവും എടുക്കില്ല എന്നാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് സി.പി.എം പാർട്ടി കോൺഗ്രസ് കേന്ദ്ര സർക്കാറിനോട് ജാതി സെൻസസ് ആവശ്യപ്പെട്ട് പ്രമേയവുമായി രംഗത്തുവന്നിരിക്കുന്നത്. പാർട്ടിക്ക് അധികാരമുള്ള കേരളത്തിൽ നിലപാട് മറിച്ചാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം എല്ലാവർക്കും ബാധകമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പ്രതികരിച്ചു. കേരളത്തിൽ ജാതി സർവേ നടത്താൻ പിണറായി സർക്കാറിനോട് കേന്ദ്ര നേതൃത്വം നിർദേശിക്കുമോ എന്ന ചോദ്യത്തിന് പക്ഷേ, അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.