ഭീകരതക്കും യുദ്ധവെറിക്കുമെതിരെ കാമ്പയിനുമായി സി.പി.എം
text_fieldsന്യൂഡൽഹി: ഭീകരതക്കും യുദ്ധവെറിക്കും പഹൽഗാം ഭീകരാക്രമണത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കുന്നതിനും എതിരെ കാമ്പയിൻ സംഘടിപ്പിക്കാൻ സി.പി.എം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയും പാർട്ടി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ജൂൺ 10,11 തീയതികളിൽ പാർട്ടി ജനറൽ സെക്രട്ടി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജമ്മു-കശ്മീർ സന്ദർശിക്കാനും ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ജനറൽ സെക്രട്ടറി ഉൾപ്പെടെ ഏഴുപേരെ ഉൾപ്പെടുത്തി പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കുള്ള ചുമതലകൾക്കും കേന്ദ്ര കമ്മിറ്റിയിൽ അംഗീകാരമായി.
ഭീകരതക്കും വർഗീയത പ്രചരിപ്പിക്കുന്നതിനുമെതിരെ ജൂണിൽ ഒരാഴ്ച നീളുന്ന കാമ്പയിൻ നടത്താനാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജമ്മു-കശ്മീരിലെ ജനങ്ങൾ സ്വമേധയാ തെരുവിലറങ്ങി പ്രതിഷേധിച്ചുവെന്നും എന്നാൽ, ഹിന്ദുത്വ ശക്തികൾ ഭീകരാക്രമണത്തെ മുതലെടുത്ത് മുസ്ലിംകൾക്കും കശ്മീരികൾക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ് ശ്രമിച്ചതെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ എം.എ. ബേബി ചൂണ്ടിക്കാട്ടി. ഓപറേഷൻ സിന്ദൂറിനു ശേഷം പ്രധാനമന്ത്രിയും ബി.ജെ.പിയും സൈനിക നടപടിയെ പക്ഷപാതപരമായ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചു.
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഓപറേഷനെ പ്രധാനമന്ത്രി ഉപയോഗിച്ചെന്ന് ബിഹാറിലും ബംഗാളിലും നടത്തിയ പ്രസംഗങ്ങളിൽനിന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനു പിന്നിലെ കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മേയ് 10ന് വെടിനിർത്തൽ പ്രഖ്യാപനം നടന്ന രീതിയെക്കുറിച്ച് സംശയാസ്പദമായ ചോദ്യങ്ങളുണ്ടെന്നും എം.എ. ബേബി പറഞ്ഞു.
ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രയേലുമായുള്ള സൈനിക, സുരക്ഷാ ബന്ധങ്ങൾ ബി.ജെ.പി സർക്കാർ വിച്ഛേദിക്കുകയും ആയുധ കയറ്റുമതി നിർത്തലാക്കുകയും വേണം. ഫലസ്തീൻ വിഷയത്തിൽ ഐക്യദാർഢ്യം ആവർത്തിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ദീർഘകാല വിദേശനയ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും വേണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ 50ം വർഷത്തിൽ ജനാധിപത്യ സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുകയും നിലവിലെ സർക്കാറിന്റെ സ്വേച്ഛാധിപത്യത്തെ തുറന്നുകാട്ടുകയും ചെയ്യുമെന്നും സി.പി.എം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.