വിദേശകാര്യ സെക്രട്ടറിക്കെതിരായ സൈബർ ആക്രമണം; ബ്രിട്ടാസിനോട് തെളിവ് തേടി പൊലീസ്
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സമയത്ത് സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പരാതിക്കാരനായ ജോൺ ബ്രിട്ടാസ് എം.പിയോട് തെളിവുകൾ നൽകാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്.
പാകിസ്താനുമായുള്ള വെടിനിര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനം വാര്‍ത്തസമ്മേളനത്തിൽ വിക്രം മിസ്രി അറിയിച്ചതിനു പിന്നാലെ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സംഘടിതമായ സൈബര്‍ ആക്രമണം ഉണ്ടാവുകയായിരുന്നു. ഇതിൽ നടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മേയ് 12ന് അയച്ച കത്തിലാണ് അഞ്ചുമാസത്തിനു ശേഷം ഡൽഹി പൊലീസ് അദ്ദേഹത്തോട് തന്നെ തെളിവും ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സൈബർ ആക്രമണങ്ങളുടെ സ്ക്രീൻഷോട്ടുകൾ, വെബ് ലിങ്കുകൾ, പത്ര റിപ്പോർട്ടുകൾ എന്നിവ ബ്രിട്ടാസ് പൊലീസിന് നൽകി. ഇതോടൊപ്പം പഹൽഗാം ഭീകരാക്രമണ ഇരകളായ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാംശി നർവാൾ, എൻ. രാമചന്ദ്രന്റെ മകൾ ആരതി എന്നിവർക്കെതിരായ സൈബർ വിദ്വേഷ പ്രചാരണങ്ങളുടെ തെളിവുകളും അദ്ദേഹം പൊലീസിന് നൽകി.
കുറ്റകൃത്യം തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരുടെമേൽ അടിച്ചേൽപ്പിച്ച് പൊലീസിന് തങ്ങളുടെ കടമയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ലെന്നും ബിട്ടാസ് വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ കാലതാമസമില്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
സമൂഹമാധ്യമ പോസ്റ്റുകളിൽനിന്നും മുഖ്യധാരാ മാധ്യമങ്ങളിൽനിന്നും ശേഖരിച്ച വസ്തുതകൾ ഭാരതീയ ന്യായ സംഹിത 2023, ഇൻഫർമേഷൻ ടെക്നോളജി നിയമം 2000 എന്നിവക്ക് കീഴിലുള്ള തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങൾ വെളിപ്പെടുത്താൻ പര്യാപ്തമായ പ്രാഥമിക തെളിവുകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.