മേൽജാതിക്കാരുടെ എതിർപ്പ്: പൊലീസ് കാവലിൽ ദലിതുകൾക്ക് ക്ഷേത്രപ്രവേശനം
text_fieldsക്ഷേത്രപ്രവേശനത്തിന് ദലിതുകൾ പൊലീസ് കാവലിൽ എത്തുന്നു
ബംഗളൂരു: മേൽജാതിക്കാരുടെ കടുത്ത എതിർപ്പിനിടയിൽ കനത്ത പൊലീസ് കാവലിൽ കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ദലിതുകൾക്ക് പ്രവേശനം. യാദ്ഗിർ ജില്ലയിലെ സുറാപൂർ താലൂക്കിലെ അമാലിഹൾ ഗ്രാമത്തിലാണ് സംഭവം.
മേൽജാതിക്കാരുടെ എതിർപ്പുള്ളതിനാൽ ദലിത് വിഭാഗത്തിലുള്ളവർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കുമുമ്പ് ഹവിനഹള്ളിയിലെ ദലിത് വിഭാഗക്കാർ ജില്ല ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവിഭാഗങ്ങളുടെയും സമാധാനയോഗം വിളിച്ചു. എന്നാൽ, മേൽജാതിക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെട്ടു. തുടർന്ന് ശനിയാഴ്ച ഗ്രാമത്തിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
ഗ്രാമത്തിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ദലിതുകളെ തടയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്നാണ് ദലിതുകൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നിർവഹിക്കാനായത്.
സുരക്ഷ മുൻനിർത്തി പൊലീസ് വാഹനത്തിൽ തന്നെയാണ് ദലിത് സ്ത്രീകളെ ക്ഷേത്രത്തിൽ എത്തിച്ചത്. തുടർന്നും ദലിതുകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുമെന്നും തടഞ്ഞാൽ കർശനനടപടി സ്വീകരിക്കുമെന്നും യാദ്ഗിർ എസ്.പി സി.ബി. വേദമൂർത്തി പറഞ്ഞു. സാമൂഹികക്ഷേമ, റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.