സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുലിന്‍റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: സവർക്കറെ അപമാനിച്ചെന്ന കേസിൽ തനിക്കെതിരെ പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ലഖ്നോ സെഷൻസ് കോടതി പുറപ്പെടുവിച്ച സമൻസ് പിൻവലിക്കണമെന്ന ആവശ്യം നേരത്തെ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഭാരത് ജോഡോ യാത്രക്കിടെ 2022 നവംബർ 17നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും അവരിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നുമായിരുന്നു പരാമർശം. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്തെന്നും കാണിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് കേസ്. കേസിൽ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ ലഖ്നോ സെഷൻസ് കോടതി ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തന്‍റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എം.പി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത രാഹുൽ ഗാന്ധിക്ക് മാർച്ചിൽ ലഖ്നോ കോടതി 200 രൂപ പിഴയിട്ടിരുന്നു.
സമൂഹത്തിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയതെന്നും മുൻകൂട്ടി തയാറാക്കിയ പത്രക്കുറിപ്പുകൾ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്കിടയിൽ വിതരണം ചെയ്തത് സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നടപടിയാണെന്ന് തെളിയിക്കുന്നതായും പരാതിക്കാരൻ ഹരജിയിൽ പറഞ്ഞിരുന്നു. നൃപേന്ദ്ര പാണ്ഡെയുടെ പരാതി 2023ൽ കോടതി തള്ളിയതാണ്. എന്നാൽ ഇയാൾ പുനപരിശോധന ഹരജി നൽകിയത് കോടതി അനുവദിക്കുകയായിരുന്നു.
ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയിൽ പരാതി നൽകിയത്. ഈ കേസിൽ ജനുവരിയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.