ഡൽഹി വായു മലിനീകരണം ഗുരുതരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയിലെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷ വായു മലിനീകരണം ഗുരുതരമായി തുടരുന്നതിൽ സുപ്രീംകോടതി ആശങ്ക അറിയിച്ചു. ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതും സ്ഥിരമായിരിക്കുന്നതുമാണെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ വെർച്വലായി പങ്കെടുത്താൽ മതിയായിരുന്നുവെന്ന് അഭിഭാഷകരോട് ബെഞ്ച് വ്യക്തമാക്കിയപ്പോൾ താൻ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് കപിൽ സിബൽ മറുപടി നൽകി. അപ്പോഴാണ് മാസ്ക് മതിയാവില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണെന്നുമുള്ള നിരീക്ഷണം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നരസിംഹ നടത്തിയത്.
ഡൽഹിയിലെ മിക്ക മേഖലകളിലും വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച രാവിലെ 400ന് മുകളിൽ ‘ഗുരുതര’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. മലിനീകരണ പ്രവർത്തനങ്ങൾ തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നഗരത്തിൽ നടപ്പാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത നിർമാണപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബി.എസ്-3 പെട്രോൾ, ബി.എസ്-4 ഡീസൽ വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനിലാക്കി.
പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് നിയന്ത്രിക്കാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് പഞ്ചാബ്, ഹരിയാന സർക്കാറുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ വായുനിലവാരം ശൈത്യകാലത്ത് രൂക്ഷമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അത്.
അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷക അപരാജിത സിങ് വായു ഗുണനിലവാര സൂചികകളിലെ പൊരുത്തക്കേടുകൾ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തി. ഈ വിഷയം ഇനി തിങ്കളാഴ്ച കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

