Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിയ സംഭവം; മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സമിതിയോട് ഹൈകോടതി

text_fields
bookmark_border
Delhi High Court petition regarding SFIs blocked Instagram account was heard.
cancel

ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.എഫ്.ഐ) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അകാരണമായി മരവിപ്പിച്ചതിനെതിരെ നൽകിയ അപ്പീലിൽ മൂന്നാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന്റെ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയോട് (ജി.എ.സി) ഡൽഹി ഹൈകോടതി നിർദ്ദേശിച്ചു. എസ്.എഫ്.ഐ ഡൽഹി ഘടകം സമർപ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസ് അമിത് മഹാജന്റേതാണ് ഉത്തരവ്.

നിയമപ്രകാരം ഇത്തരം അപ്പീലുകളിൽ നാലാഴ്ചയ്ക്കകം തീർപ്പുകൽപ്പിക്കേണ്ടതാണെന്ന് എസ്.എഫ്.ഐക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അപർ ഗുപ്ത കോടതിയിൽ വാദിച്ചു. ഓഗസ്റ്റ് 12-ന് തന്നെ കേന്ദ്ര സർക്കാരിന്റെ അപ്പലേറ്റ് സമിതിക്ക് അപ്പീൽ നൽകിയിട്ടും ഒരു മാസത്തിലേറെയായി തുടർനടപടികളൊന്നുമുണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് അപ്പീലിൽ വേഗത്തിൽ തീരുമാനം കൈക്കൊള്ളാൻ ജി.എ.സിക്ക് നിർദ്ദേശം നൽകിക്കൊണ്ട് കോടതി ഹരജി തീർപ്പാക്കിയത്. അഡ്വക്കേറ്റ് നമൻ കുമാർ മുഖേനയാണ് എസ്.എഫ്.ഐ ഹരജി ഫയൽ ചെയ്തത്.

തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ച മറ്റൊരു അക്കൗണ്ടുമായി ബന്ധമുണ്ടെന്ന അവ്യക്തമായ കാരണം ചൂണ്ടിക്കാട്ടി 2026 ജൂലൈ 5-നാണ് എസ്.എഫ്.ഐ ഡൽഹിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ (ഇൻസ്റ്റാഗ്രാം) പൂർണമായി പ്രവർത്തനരഹിതമാക്കിയത്. എന്നാൽ ഏത് അക്കൗണ്ടുമായി ചേർത്തുവെച്ചാണ് ഈ നടപടിയെന്ന് വ്യക്തമാക്കാൻ ഇൻസ്റ്റാഗ്രാം തയ്യാറായില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2018 മുതൽ സജീവമായി പ്രവർത്തിച്ചിരുന്ന അക്കൗണ്ടിന് 13,000-ലധികം ഫോളോവേഴ്സുണ്ടായിരുന്നു.

നടപടിക്കെതിരെ ജൂലൈ 7-ന് ഇൻസ്റ്റാഗ്രാമിനും ജൂലൈ 9-ന് മെറ്റായുടെ ഗ്രീവൻസ് ഓഫീസർക്കും പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് ഓഗസ്റ്റ് 12-ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയെ സമീപിച്ചത്. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങളിലെ റൂൾ 3A(4) പ്രകാരം 30 ദിവസത്തിനകം അപ്പീലിൽ തീർപ്പുകൽപ്പിക്കേണ്ടതുണ്ടെങ്കിലും, സെപ്റ്റംബർ പകുതി കഴിഞ്ഞിട്ടും പോർട്ടലിൽ അപ്പീൽ 'അണ്ടർ പ്രോസസ്' ആയി തുടരുകയാണെന്ന് എസ്.എഫ്.ഐ കോടതിയെ ബോധിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സംഘടന കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi HC Asks Centre’s Panel to Decide SFI’s Appeal Against Instagram Ban in 3 Weeks
Next Story