Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി കൃഷിഭവൻ വളപ്പിലെ നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിച്ചുനീക്കാൻ കേന്ദ്ര സർക്കാർ നീക്കം

text_fields
bookmark_border
Centre Tells Delhi HC It Plans to Remove Century-Old Mosque at Krishi Bhawan
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ കൃഷിഭവൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ഖദീമി മസ്ജിദ് പൊളിച്ചുനീക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന വളപ്പിനുള്ളിൽ ഒരു സ്ഥിരം മതപരമായ നിർമിതി നിലനിർത്തുന്നത് അവിടുത്തെ 'മതേതര സ്വഭാവത്തിന് വിരുദ്ധവും അനുവദനീയമല്ലാത്തതുമാണെന്ന്' കേന്ദ്ര നഗരവികസന മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും സമീപത്തെ ശാസ്ത്രി ഭവനും പൊളിച്ചുമാറ്റി കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിനാലാണ് പള്ളി നീക്കം ചെയ്യേണ്ടി വരുന്നതെന്ന് ആദ്യമായാണ് കേന്ദ്രം ഔദ്യോഗികമായി കോടതിയിൽ തുറന്നുസമ്മതിക്കുന്നത്.

'സർക്കാർ വളപ്പിൽ പ്രാർത്ഥനാ ഇടങ്ങൾ പാടില്ലെന്ന് ഏത് ചട്ടത്തിലാണ്?': കേന്ദ്രത്തോട് ഹൈകോടതി

കേന്ദ്ര സർക്കാരിന്റെ പുതിയ നിലപാടിനെത്തുടർന്ന്, സർക്കാർ കാര്യാലയങ്ങളുടെ പരിസരത്ത് മതപരമായ നിർമിതികൾ പാടില്ലെന്ന് വ്യക്തമാക്കുന്ന ചട്ടങ്ങൾ എന്തെങ്കിലും നിലവിലുണ്ടോ എന്ന് ജസ്റ്റിസ് അനീഷ് ദയാൽ ആരാഞ്ഞു. 'ഏതെങ്കിലും ഒരു വിശ്വാസത്തിന് പകരം സ്ഥലം നൽകേണ്ടതില്ല എന്നാണോ നിങ്ങൾ പറയുന്നത്? ഒരു സർക്കാർ സ്ഥലത്തും ഒരു സമുദായത്തിനും പ്രാർത്ഥനാ ഇടം അനുവദിക്കാൻ പാടില്ലെന്ന് പറയുന്ന ഏതെങ്കിലും നിയമങ്ങളോ ചട്ടങ്ങളോ ഉണ്ടോ? കേന്ദ്രം സ്വീകരിച്ച ഈ നിലപാടിന്റെ കൃത്യമായ നിയമപരമായ വശം ഞങ്ങൾക്ക് മനസ്സിലാക്കേണ്ടതുണ്ട്,' എന്ന് കോടതി കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഈ പുതിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ മസ്ജിദ് പരിപാലന സമിതിക്ക് നവംബർ 23 വരെയുള്ള അടുത്ത ഹിയറിംഗ് തീയതി വരെ കോടതി സമയം അനുവദിച്ചു.

നേരത്തെ, 2021 ഡിസംബറിൽ പദ്ധതി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച ഹരജിയിൽ, 'ഈ നിർമിതികൾക്കൊന്നും സംഭവിക്കില്ലെന്നും പദ്ധതി ഏറെ നീളമുള്ള ഒന്നാണെന്നും' സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്നാണ് കേന്ദ്രം ഇപ്പോൾ പൂർണമായി പിന്നോട്ടുപോയിരിക്കുന്നത്.

കേന്ദ്രത്തിന്റെ സത്യവാങ്മൂലം: 'ഭൂമി മതേതരമാണ്, പകരമായി സ്ഥലം നൽകാനാവില്ല'

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് സമർപ്പിച്ച റിപ്പോർട്ടിൽ പള്ളി പൊളിക്കുന്നതിനെ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്. പുതിയ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ നിർമാണം പരമപ്രധാനമായ പൊതുപദ്ധതിയാണ്. പള്ളി നിലനിൽക്കുന്നത് പ്രസ്തുത നിർമാണ സ്ഥാനത്തായതിനാൽ അത് പൂർണമായി നീക്കം ചെയ്യേണ്ടതുണ്ട്. കൃഷിഭവനും അനുബന്ധ പരിസരങ്ങളും ഭരണനിർവ്വഹണത്തിനും പൊതുജനസേവനത്തിനും മാത്രമായി വിനിയോഗിക്കുന്ന മതേതര ഇടങ്ങളാണ്. അത്തരം കേന്ദ്ര ഭരണമേഖലയിൽ ഏതെങ്കിലും മതത്തിന് സ്ഥിരം അവകാശം അനുവദിക്കുന്നത് സെൻട്രൽ വിസ്ത മാസ്റ്റർ പ്ലാനിന് വിരുദ്ധമാണ്. ഭൂമിയുടെ പൂർണ ഉടമസ്ഥത സർക്കാരിനായതിനാൽ, കൃഷിഭവൻ കോമ്പൗണ്ടിലോ സെക്രട്ടേറിയറ്റ് പരിസരത്തോ പള്ളിക്ക് പകരം സ്ഥലം അനുവദിക്കാൻ സർക്കാരിനെ നിർബന്ധിക്കാനാവില്ല. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇന്ത്യാ ഗേറ്റിന് സമീപം സാബ്ത ഗഞ്ച് ഷാഹി മസ്ജിദ് നിലവിലുണ്ടെന്നും ആളുകൾക്ക് പ്രാർത്ഥനയ്ക്കായി അവിടം ഉപയോഗിക്കാമെന്നും കേന്ദ്രം വാദിച്ചു.

ജീവനക്കാരുടെ ആശ്രയം; ആശങ്കയോടെ വഖഫ് കമ്മിറ്റി

1940-ലെ കരാർ പ്രകാരം ജുമാ മസ്ജിദ് മാനേജിംഗ് കമ്മിറ്റിക്ക് പ്രാർത്ഥനാ ആവശ്യങ്ങൾക്കായി വിട്ടുനൽകിയ ചരിത്രമാണ് ഖദീമി മസ്ജിദിനുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള പതിറ്റാണ്ടുകളിൽ കൃഷിഭവനിലും അയൽപക്കത്തെ മറ്റ് കേന്ദ്ര സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രധാന പ്രാർത്ഥനാ കേന്ദ്രമായിരുന്നു ഇത്. കെട്ടിട നിർമാണ ടെൻഡറുകളിലും മാപ്പുകളിലും പള്ളിയുടെ സ്ഥാനം ഒഴിവാക്കിയതിനെ തുടർന്നാണ് പള്ളി പൊളിച്ചുനീക്കുന്നത് തടയണമെന്നും, പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ സമീപത്തുതന്നെ പകരം പ്രാർത്ഥനാ സൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കമ്മിറ്റി കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലത്തോടെ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ആരാധനാലയ സംരക്ഷണ വിഷയം വീണ്ടും വലിയ നിയമ-രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre Tells Delhi HC It Plans to Remove Century-Old Mosque at Krishi Bhawan
Next Story