Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2020ലെ മുസ്‌ലിം വിരുദ്ധ ഡൽഹി കലാപം: മുഹ്‌സിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ അഞ്ച് പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈകോടതി

text_fields
bookmark_border
Delhi Riots: High Court Upholds 7-Year Prison Sentence for Five in Mohsin
cancel
camera_alt

ഫയൽ ചിത്രം


ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ കലാപത്തിനിടെ 22-കാരനായ മുഹ്‌സിൻ എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികളുടെ ശിക്ഷ ഡൽഹി ഹൈകോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച ഏഴ് വർഷത്തെ കഠിനതടവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലുകൾ ജസ്റ്റിസ് മധു ജെയിൻ തള്ളി. അമൻ കശ്യപ്, ദേവീന്ദർ കുമാർ, പ്രദീപ് റായ്, ആശിഷ്, അരുൺ കുമാർ എന്നിവരുടെ ശിക്ഷയാണ് ഹൈകോടതി ശരിവെച്ചത്. മുഹ്സിന് തലയ്ക്കേറ്റ മാരകമായ മുറിവ് ഉണ്ടാക്കിയത് ആരാണെന്ന് കൃത്യമായി തിരിച്ചറിയാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലാത്തതിനാൽ വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്റെ പ്രധാന വാദം ഒക്ടോബർ 27-ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ കോടതി തള്ളി.

ആയുധങ്ങളേന്തിയ ആൾക്കൂട്ടത്തിന് നേതൃത്വം നൽകി; പൊലീസുകാരന്റെ സാക്ഷിമൊഴി നിർണായകം

പ്രതികൾ ആൾക്കൂട്ടത്തിൽ വെറുതെ നിന്നവരല്ലെന്നും അക്രമങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയവരാണെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ സാക്ഷിയായ ബീറ്റ് കോൺസ്റ്റബിൾ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു. ആയുധങ്ങളേന്തിയ അക്രമാസക്തരായ ആൾക്കൂട്ടത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ട് മൊഹ്സിനെ ആക്രമിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതും ഇവർ തന്നെയാണ്. പൊലീസ് ബാരിക്കേഡുകൾക്ക് സമീപം വീണുപോയിട്ടും അക്രമികൾ മുഹ്‌സിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പ്രതികളുടെ പെരുമാറ്റവും അവർ വഹിച്ച ആയുധങ്ങളും ആക്രമണ രീതിയും മൊഹ്സിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുക എന്ന 'പൊതു ഉദ്ദേശ്യത്തോടെ' പ്രവർത്തിച്ചതാണെന്ന് വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.

പീർ ബാബ മസാറിന് സമീപത്തെ ആക്രമണം; വിചാരണക്കോടതി വിധിയുടെ നാൾവഴി

2020 ഫെബ്രുവരി 25-ന് ചാന്ദ് ബാഗിലെ പീർ ബാബ മസാറിന് സമീപം വെച്ചാണ് മുഹ്സിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൊഹ്സിൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്വതന്ത്ര സാക്ഷികൾ പ്രോസിക്യൂഷന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും സംശയങ്ങൾക്കതീതമായി കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു. 2024 നവംബർ 20-ന് വിചാരണക്കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, 2025 ജനുവരി 13-ന് ഏഴ് വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിക്കുകയുമായിരുന്നു. കൊലപാതകമല്ലാത്ത നരഹത്യ (ഐ.പി.സി സെക്ഷൻ 304 പാർട്ട് I), മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കൽ (ഐ.പി.സി സെക്ഷൻ 148) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi Riots: High Court Upholds 7-Year Prison Sentence for Five in Mohsin's Death
Next Story