മർദകർക്ക് താക്കീത്; സമരഭൂമിയിൽ മർദനമേറ്റവരുമായി രാഹുൽ, വിതുമ്പലോടെ മലയാളി വിദ്യാർഥിനി ആതിര
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി സമരഭൂമിയിലിറങ്ങിയ വിദ്യാർഥികളെയും യുവാക്കളെയും കിരാതമായ മർദനമുറകൾ കൊണ്ട് അടിച്ചമർത്താൻ നോക്കുന്നവർ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറോ ഏതെങ്കിലും ഒരു കോൺസ്റ്റബിളോ ആകട്ടെ ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താൻ നോക്കുന്നവർ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന്, കേൾവി നഷ്ടപ്പെട്ട മലയാളി വിദ്യാർഥിനി ആതിര അടക്കം ഡൽഹി പൊലീസിന്റെ ക്രൂര മർദനത്തിനിരയായ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തി നടത്തിയ വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
ഡൽഹി പൊലീസിന്റെ ക്രൂരമർദനങ്ങൾക്കിരയായവരുടെ പരിക്കുകൾ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ കാണിച്ച രാഹുൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ സമാധാനം ബോധിപ്പിക്കേണ്ടി വരുമെന്ന് ഓർമിപ്പിച്ചു. കേരളത്തിൽ നിന്നുള്ള ഡൽഹി സർവകലാശാല വിദ്യാർഥി ആതിരക്ക് ഒരു ചെവിയുടെ കേൾവിശേഷി പോയെന്ന് രാഹുൽ പറഞ്ഞു. ജൂലൈ 20ലെ സമരത്തിൽ ഒരാൺകുട്ടിയെ മർദിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതും രാഹുൽ ഓർമിപ്പിച്ചു.
സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ജൻപഥിൽ നടത്തിയ വാർത്തസമ്മേളനത്തിൽ, പൊലീസ് മർദനത്തിൽ പരിക്കേറ്റ മറ്റു നാല് പേരുടെയും അനുഭവങ്ങൾ രാഹുൽ കേൾപ്പിച്ചു.
പരസ്പരം തോളിൽ കൈകോർത്ത് നിർത്തി അവരെ ചൂണ്ടി അമിത്ഷായെ വിളിച്ച്, ഇത് നന്നായി നോക്കിക്കോളൂ ഇവിടെ ഹിന്ദുവും മുസ്ലിമും ഒരു ജാതിയും സ്ത്രീയും പുരുഷനുമല്ലെന്നും ഹിന്ദുസ്ഥാന്റെ ശബ്ദം മാത്രമേയുള്ളൂവെന്നും അതിന് മുന്നിലാണ് താങ്കളും പ്രധാനമന്ത്രിയും നിൽക്കുന്നതെന്നും രാഹുൽ പറഞ്ഞു. മർദനമഴിച്ചുവിട്ട പൊലീസുകാരുടെ വിഡിയോകൾ റെക്കോഡ് ചെയ്യാനും തെളിവായി സൂക്ഷിക്കാനും മുഴുവൻ വിദ്യാർഥികളോടും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
അതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിറങ്ങിയതിന് പുരുഷ, വനിതാ പൊലീസുകാരുടെ ക്രൂര മർദനത്തിനിരയായി ഒരു ചെവിയുടെ കേൾവി നഷ്ടപ്പെട്ട ഡൽഹി സർവകലാശാല വിദ്യാർഥി കോഴിക്കോട് പൂല്ലാളൂരിലെ ആതിര വിജയൻ, അനുഭവിച്ച യാതന വിവരിച്ച് രാഹുൽ ഗാന്ധിക്ക് മുന്നിൽ വിതുമ്പി.
ഒരു വനിതാ ഓഫിസർ പോലുമില്ലാത്ത പൊലീസ് ബസിലേക്ക് തന്നെ പിടിച്ചു തള്ളിയപ്പോൾ, വനിതാ പൊലീസുകാർ എവിടെയെന്ന് താൻ ചോദിച്ചതോടെ മർദനം തുടങ്ങിയെന്ന് ആതിര പറഞ്ഞു. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയി ബസ് നിർത്തി മർദനം തുടങ്ങി.
റോഡിലൂടെ വലിച്ചിഴച്ചശേഷം കാമറയില്ലാത്ത ബേസ്മെന്റിലേക്ക് മർദനത്തിനായി കൊണ്ടുപോകാൻ പൊലീസുകാർ ആവശ്യപ്പെട്ടു. അടിവയറ്റിലും ഇടുപ്പിലും ഇടിച്ച പൊലീസ് തന്റെ സ്വകാര്യഭാഗത്തും മർദിച്ചു. മുഖത്തും ചെകിട്ടത്തും മാറിമാറി ഇടിച്ചെന്നും കേൾവിശക്തി നഷ്ടപ്പെട്ടെന്നും ആതിര പറഞ്ഞു.
വൈകീട്ട് കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗം ജെബി മേത്തറിനും എൻ.എസ്.യു (ഐ) ദേശീയ നേതൃത്വത്തിനുമൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ആതിരയും കുടെ മർദനമേറ്റവരും പരാതി നൽകി. 24 മണിക്കൂർ കഴിഞ്ഞ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തോ എന്നറിയാൻ വീണ്ടും വരുമെന്ന് ആതിര പറഞ്ഞു.

