'പ്രൊമോഷൻ സ്റ്റേ ചെയ്ത ഉത്തരവ് തടഞ്ഞുവെക്കണം'; ലൈംഗികാതിക്രമ ആരോപണത്തിൽ ഡൽഹി പൊലീസ് കമീഷണർക്ക് കത്തയച്ച് വിവേക് ഭഗത്
text_fieldsവിവേക് ഭഗത്
ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ, തന്റെ പ്രമോഷൻ ഉത്തരവ് തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ഓഫീസർ വിവേക് ഭഗത് രംഗത്ത്. അഡീഷണൽ ഡെപ്യൂട്ടി കമീഷണർ (ഡിസിപി) സ്ഥാനത്തേക്ക് തന്നെ ഉയർത്തുന്ന പ്രൊമോഷൻ ഉത്തരവ് തടഞ്ഞുവെക്കാൻ ആവശ്യപ്പെട്ട് വിവേക് ഭഗത് ഡൽഹി പൊലീസ് കമീഷണർക്ക് ഔദ്യോഗികമായി കത്തയച്ചു.
നിലവിൽ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ സബ്-ഡിവിഷണൽ പൊലീസ് ഓഫീസറായി (എസ്ഡിപിഒ) സേവനമനുഷ്ഠിക്കുകയാണ് വിവേക് ഭഗത്. ഒക്ടോബർ അഞ്ച് തിങ്കളാഴ്ച ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രമേഷ് കുമാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ വിവേക് ഭഗത് ഉൾപ്പെടെ 12 പൊലീസ് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ഡിസിപിയായി സ്ഥാനക്കയറ്റം നൽകിയിരുന്നു. എന്നാൽ, തനിക്കെതിരെ അന്വേഷണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഉത്തരവിലെ തന്റെ പേര് മാത്രം മരവിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥന്റെ ആവശ്യം.
എന്നാൽ, പതിവ് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് 12 ഉദ്യോഗസ്ഥരെ ഉയർത്തിക്കൊണ്ടുള്ള പ്രമോഷൻ പട്ടിക പുറത്തിറങ്ങിയതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് പ്രമോഷൻ നൽകിയതിനെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) അടക്കമുള്ള സംഘടനകളും മാധ്യമപ്രവർത്തകരും രൂക്ഷവിമർശനവുമായി രംഗത്തെത്തി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന സമരത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. സമരസ്ഥലത്ത് റിപ്പോർട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവർത്തകരെ വിവേക് ഭഗത് അടക്കമുള്ള ഉദ്യോഗസ്ഥർ ലൈംഗികമായി അതിക്രമത്തിന് ഇരയാക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി സിജെപി കോ-കൺവീനർ സൗരവ് ദാസ് ആരോപിച്ചു.
അഖിലേന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനും (AISA) മാധ്യമപ്രവർത്തകരും ഒക്ടോബർ 3ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന് പിന്നാലെ പ്രതിഷേധക്കാരെയും അഭിഭാഷകരെയും പുരുഷ പൊലീസുകാർ ഉപദ്രവിച്ചതായും പരാതിയുണ്ട്. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് സിജെപി സ്ഥാപകനും കൺവീനറുമായ അഭിജീത് ദീപ്കെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

