Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഡൽഹിയിൽ വായുമലിനീകരണം വർധിപ്പിക്കാന്‍ പഞ്ചാബിലെ കൃഷിയിടങ്ങളിൽ തീയിട്ടു'; ആം ആദ്മി പാർട്ടിക്കെതിരെ ആരോപണവുമായി ബി.ജെ.പി മന്ത്രി

text_fields
bookmark_border
ഡൽഹിയിൽ വായുമലിനീകരണം വർധിപ്പിക്കാന്‍ പഞ്ചാബിലെ കൃഷിയിടങ്ങളിൽ തീയിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ ആരോപണവുമായി ബി.ജെ.പി മന്ത്രി
cancel

ന്യൂഡൽഹി: ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ബി.ജെ.പി. ഡൽഹിയിലെ വായുമലിനീകരണം കൂട്ടാൻ പഞ്ചാബിലെ കൃഷിയിടങ്ങളിൽ ബോധപൂർവം തീയിട്ടെന്ന് ഡൽഹി തൊഴിൽമന്ത്രി കപിൽ മിശ്ര ആരോപിച്ചു. സംഭവത്തിൽ ആം ആദ്മി പാർട്ടി നേതാക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്ച ദീപാവലി ആഘോഷങ്ങൾക്കിടെ പഞ്ചാബിൽ വിളവെടുപ്പിനുശേഷം അവശേഷിച്ച വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ അസാധാരണമായി വർധിച്ചതായാണ് കപിൽ മിശ്ര പറയുന്നത്. ഇത്തരത്തിൽ 1,200 സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഉപഗ്രഹ വിവരങ്ങൾ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കിയത്. ഒറ്റ ദിവസംകൊണ്ട് തീപിടിത്തങ്ങളുടെ എണ്ണം പത്തിരട്ടിയോളം വർധിച്ചത് സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപാവലി ആഘോഷിക്കുന്ന സമയത്ത് ചിലർ കൃഷിയിടങ്ങളിലെത്തി തീയിട്ടുവെന്ന് കർഷകർ വിവരം നൽകിയെന്ന് മിശ്ര അവകാശപ്പെട്ടു. ആദ്യം ഈ വിവരം വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും പിന്നീട് ഉപഗ്രഹ വിവരങ്ങൾ പരിശോധിച്ചപ്പോൾ സംശയം ശക്തമായെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ വായുമലിനീകരണം വർധിപ്പിക്കുന്നതിനൊപ്പം ദീപാവലി ആഘോഷങ്ങളെയും സനാതന ധർമത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ദീപാവലിക്ക് രണ്ടുദിവസം മുമ്പുതന്നെ ഡൽഹിയിലെ വായുമലിനീകരണം ഉയരുമെന്ന് ചില ആം ആദ്മി പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടിയന്തര അന്വേഷണം നടത്തണമെന്നും കൃഷിയിടങ്ങൾക്ക് തീയിട്ടവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും കപിൽ മിശ്ര ആവശ്യപ്പെട്ടു. ഇതോടൊപ്പം ഡൽഹിയിൽനിന്നും പഞ്ചാബിലെത്തിയ ആം ആദ്മി പാർട്ടി നേതാക്കളുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ദീപാവലിക്ക് പിന്നാലെ ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 376 രേഖപ്പെടുത്തി. ഇത് ഗുരുതര വായുമലിനീകരണത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനിടെ, വായുമലിനീകരണത്തിന്റെ യഥാർഥ തോത് മറച്ചുവെക്കാൻ സർക്കാർ കണക്കുകളിൽ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി. മലിനീകരണം കുറഞ്ഞതായി കാണിക്കാൻ പച്ചപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ 20 പുതിയ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും മലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങൾക്ക് സമീപം വെള്ളം തളിക്കുന്നതായും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.

എന്നാൽ, പഞ്ചാബിലെ കൃഷിയിടങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെ തീയിട്ടെന്ന ബി.ജെ.പിയുടെ ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വായുമലിനീകരണത്തെച്ചൊല്ലി ബി.ജെ.പിയും ആം ആദ്മി പാർട്ടിയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ ഡൽഹിയിലെ ഗുരുതരമായ വായുമലിനീകരണ സാഹചര്യം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi AQI Worsens After Diwali
Next Story