പൗരത്വ സമരനേതാക്കൾ രാജ്യദ്രോഹികളെന്ന് ഡൽഹി പൊലീസ്, 'സമരം നയിച്ചവർ ആക്ടിവിസ്റ്റ് വേഷമണിഞ്ഞ രാജ്യദ്രോഹികൾ'
text_fieldsശർജീൽ ഇമാം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച ഉമർ ഖാലിദും ഗുൽഫിഷ ഫാത്തിമയും മീരാൻ ഹൈദറും ശിഫാഉർറഹ്മാനും ശർജീൽ ഇമാമുമെല്ലാം ബുദ്ധിജീവി, ആക്ടിവിസ്റ്റ് വേഷമണിഞ്ഞ രാജ്യദ്രോഹികളാണെന്നും അവർക്ക് ജാമ്യം അനുവദിക്കരുതെന്നും ഡൽഹി പൊലീസിന് വേണ്ടി കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സുപ്രീംകോടതിയിൽ വാദിച്ചു.
ഡോക്ടർമാരും എഞ്ചിനീയർമാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇപ്പോൾ ഒരു പ്രവണതയായി മാറിയിരിക്കുന്നുവെന്നും ബുദ്ധിജീവി ഭീകരർ കൂടുതൽ അപകടകാരികളാണെന്നും ഡൽഹി പോലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
പൗരത്വ സമരത്തോടനുബന്ധിച്ച് ശർജീൽ ഇമാം നടത്തിയ പ്രകോപന പ്രസംഗമെന്ന് പറഞ്ഞ് വിഡിയോ ക്ലിപ് രാജു സുപ്രീംകോടതിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രസംഗം മുഴുവനായും കേൾപ്പിക്കാതെ പ്രത്യേക ഭാഗം തെരഞ്ഞെടുത്താണ് കാണിച്ചതെന്ന് ശർജീൽ ഇമാമിന്റെ അഭിഭാഷകൻ സിദ്ധാർഥ് ലൂഥ്റ ബോധിപ്പിച്ചു.
എല്ലാ ഇന്ത്യൻ നഗരങ്ങളും സ്തംഭിപ്പിക്കുന്നതിനുള്ള വഴിതടയൽ (ചക്കാ ജാം) നടത്തണമെന്നും അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ‘ചിക്കൻ നെക്ക്’ എന്നറിയപ്പെടുന്ന പ്രദേശം ചക്കാജാമിലൂടെ ഉപരോധിക്കാൻ മുസ്ലിംകൾ തയാറാകണമെന്നും ശർജീൽ ഇമാം പ്രസംഗിക്കുന്ന ക്ലിപ് ആണ് സുപ്രീംകോടതിയിൽ പ്രദർശിപ്പിച്ചത്. ഇവരുടെ ജാമ്യാപേക്ഷകളിൽ വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

