ശുദ്ധവായു ലഭിക്കാൻ നെട്ടോട്ടമോടി ഡൽഹി നിവാസികൾ
text_fieldsന്യൂഡൽഹി: ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പുകമഞ്ഞ് അന്തരീക്ഷത്തെ മലിനമാക്കുമ്പോൾ വിഷവായു നിറഞ്ഞ നഗരം വിട്ട് പുറത്തുപോകാനുള്ള തത്രപ്പാടിലാണ് ഡൽഹി നിവാസികൾ. രണ്ട് ദിവസമെങ്കിലും ഡൽഹിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വഴിയാണ് ഇവർ തേടുന്നത്.
ചിലർ വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംല, മസൂറി എന്നിവിടങ്ങളിലേക്ക് താൽക്കാലികമായി ചേക്കേറുമ്പോൾ സിംഗപുർ, കൊളംബോ തുടങ്ങിയ തൊട്ടയൽ രാജ്യങ്ങളിലേക്ക് പോകുന്നവരും കുറവല്ല.
ബുക്കിങ്ങിന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ട്രാവൽ ഏജൻസി അധികൃതർ പറഞ്ഞു. 'വിസ ഓൺ അറൈവൽ' ലഭ്യമായ മക്കാവു, സിംഗപുർ, തായ്ലാൻഡ്, കൊളംബോ എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്.
യു.കെ, അയർലന്‍റ് എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ അന്വേഷിക്കുന്നവരും കുറവല്ല. ആളുകൾ പാക്കേജുകൾ അന്വേഷിച്ച് വിളിക്കുന്നു, വേഗം തന്നെ ബുക്ക് ചെയ്യുന്നു. സാധാരണ ചെയ്യാറുള്ളതുപോലെ തങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല. പൈസയല്ല, എങ്ങനെയെങ്കിലും ഡൽഹിയിൽ നിന്നും പുറത്തേക്ക് പോകണം എന്ന് മാത്രമാണ് ഡൽഹി നിവാസികൾ ചിന്തിക്കുന്നത്.
ഈ വാരാന്ത്യത്തിൽ ഡൽഹിയിൽ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്നാണ് ഒരു ട്രാവൽ ഏജന്‍റിന്‍റെ പ്രവചനം.
ഈ സീസണിലെ ഏറ്റവും മോശമായ അന്തരീക്ഷ മലിനീകരണതോതാണ് ഡൽഹിയിൽ രണ്ടു ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിസ്ഥലത്തെ വൈക്കോൽ കത്തിച്ചുണ്ടാകുന്ന പുകയും അന്തരീക്ഷത്തിലെ ഈർപ്പവും ചേർന്ന് ഗ്യാസ് ചേംബറിന്‍റെ അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. ശ്വാസകേശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
