മണ്ഡല പുനർനിർണയത്തിൽ സർവകക്ഷി യോഗമില്ല; കോൺഗ്രസിന്റെ ആവശ്യം തള്ളി കേന്ദ്രം
text_fieldsന്യൂഡൽഹി: മണ്ഡല പുനർനിർണയ നിയമനിർമാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ഇതിനകം കൂടിയാലോചന നടത്തിയെന്ന് അവകാശപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എഴുതിയ മറുപടിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ക്രിയാത്മകമായ പങ്ക് വഹിച്ച് ഫസുപ്രധാനമായ ഭാവി നിയമനിർമാണങ്ങളെ കോൺഗ്രസ് പാർട്ടി തടസ്സപ്പെടുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർവകക്ഷിയോഗത്തിന് ആവശ്യപ്പെടുന്നതിന് പകരം പ്രതിപക്ഷം ക്രിയാത്മക സഹകരണം നൽകുകയാണ് വേണ്ടതെന്നും പാർലമെന്ററി കാര്യ മന്ത്രി മറുപടി കത്തിൽ കൂട്ടിച്ചേർത്തു.
എസ്.ഐ.ആറിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം തുടരുന്നതിനിടയിലാണ് അതിന്റെ തുടർച്ചയെന്ന നിലക്ക് മോദി സർക്കാർ മണ്ഡലപുനർ നിർണയ അജണ്ടയിൽ സർവകക്ഷിയോഗത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ പാർട്ടികളെയും ഒരുമിച്ചിരുത്തി മണ്ഡല പുനർ നിർണയ ബില്ലിൽ ചർച്ച നടത്തണമെന്നാണ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ അതിന്റെ ആവശ്യമില്ലെന്നും പ്രതിപക്ഷ പാർട്ടികളെ വെവ്വേറെ കണ്ട് സർക്കാർ കൂടിയാലോചന നടത്തിയാൽ മതിയെന്നുമാണ് സർക്കാറിന്റെ മറുപടി. മണ്ഡല പുനർനിർണയ ബില്ലിനെക്കുറിച്ച് ചർച്ചചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നും ആഗസ്റ്റ് 13ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിനുശേഷം 64 ദിവസം കഴിഞ്ഞിട്ടും ഔദ്യോഗിക വിഞ്ജാപനം പുറപ്പെടുവിച്ചില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് മറുപടിയായി സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുന്ന ഭരണഘടന വ്യവസ്ഥകളില്ലെന്നും 1987, 2008 വർഷങ്ങളിലുൾപ്പെടെ മുൻകാലങ്ങളിലും സഭകൾ ദീർഘകാലത്തേക്ക് പിരിച്ചുവിടാതിരുന്ന നടപടികൾ ഉണ്ടായിട്ടുണ്ടെന്നും റിജിജു മറുപടി നൽകി.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിലോചനക്ക് മാർച്ച് 16, മാർച്ച് 26, ഏപ്രിൽ 12 തീയതികളിൽ കത്തുകൾ വഴിയും നേരിട്ടും ശ്രമിച്ചതാണെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് ചർച്ചകൾ നടത്തിയതാണെന്നും റിജിജു വ്യക്തമാക്കി.
എന്നാൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കൂടിയാലോചനക്കുള്ള തീയതി ലഭിക്കാത്തതിനെത്തുടർന്ന് ഡി.എം.കെ, എസ്.പി, വൈ.എസ്.ആർ.സി.പി, എൻ.സി.പി (ശരത് പവാർ), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എ.ഐ.എം.ഐ.എം, ബി.ജെ.ഡി തുടങ്ങിയ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ കൂടിയാലോചനകൾ നടത്തിയെന്നും റിജിജു തുടർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

