ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: ബോയിങ് 787-8 ഡ്രീംലൈനർ, ബോയിങ് 737 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ).
അഹ്മദാബാദ് വിമാന ദുരന്തത്തിന് കാരണമായത് എൻജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ചുകൾ റൺ മോഡിൽ നിന്ന് കട്ട് ഓഫ് മോഡിലേക്ക് മാറിയതാണെന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ജൂലൈ 21നകം ഇന്ത്യയിലെ എല്ലാ ബോയിങ് വിമാനങ്ങളുടെയും പരിശോധന പൂർത്തിയാക്കാനാണ് നിർദേശം. സമയപരിധി കർശനമായി പാലിക്കണം. വിമാനങ്ങളുടെ യോഗ്യതയും പ്രവർത്തനങ്ങളുടെ സുരക്ഷയും ഉറപ്പാക്കൽ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
എ.എ.ഐ.ബി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വ്യോമയാന കമ്പനിയായ ഇത്തിഹാദ് എയർവേസും തങ്ങളുടെ വിമാന ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ ലോക്കിങ് സംവിധാനം പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു. അതേസമയം, അപകടത്തിൽപ്പെട്ട ബോയിങ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ കാംപ്‌ബെല്‍ വില്‍സണ്‍ പറഞ്ഞു. നിര്‍ബന്ധിത അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു- എ.എ.ഐ.ബി പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ധനത്തിന്റെ ഗുണനിലവാരത്തിലും പ്രശ്‌നമില്ല. ടേക്ക് ഓഫ് സമയത്ത് അസാധാരണത്വം ഒന്നും ഉണ്ടായിരുന്നില്ല. യാത്രക്ക് മുമ്പ് നിര്‍ബന്ധമായ ബ്രെത്തലൈസര്‍ പരിശോധനയിൽ പൈലറ്റുമാര്‍ വിജയിച്ചിരുന്നു. അവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്തിയിട്ടില്ല. ശിപാർശകളും നൽകിയിട്ടില്ല. വെറും നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു. അതിനിടെ, അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ച് ആറ് വർഷത്തിനിടെ രണ്ടുതവണ മാറ്റിയിരുന്നതായി റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ, ബോയിങ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിച്ച് സ്വിച്ച് മാറ്റിയതെന്നാണ് എയർ ഇന്ത്യ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.