രാജിക്കുശേഷം ധൻകർ ആദ്യമായി പൊതുവേദിയിൽ ‘കഥകളുടെ ചക്രവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കുക എളുപ്പമല്ല’
text_fieldsമുതിർന്ന ആർ.എസ്.എസ് നേതാവ് മൻമോഹൻ വൈദ്യയു മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും പുസ്തകപ്രകാശന വേദിയിൽ
ഭോപാൽ: നാലുമാസം മുമ്പ് ‘ആരോഗ്യപരമായ’ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പൊതുവേദിയിലെത്തി. മുതിർന്ന ആർ.എസ്.എസ് നേതാവ് മൻമോഹൻ വൈദ്യയുടെ പുസ്തകപ്രകാശന ചടങ്ങിലാണ് രാജിക്കുശേഷം ആദ്യ പരിപാടിയിൽ ധൻഖർ പങ്കെടുത്തത്.
ദീർഘകാലത്തെ തന്റെ പൊതുഇടത്തെ അഭാവത്തെക്കുറിച്ചുള്ള ‘കഥകളുടെ ചക്രവ്യൂഹത്തിൽ’ നിന്ന് പുറത്തുകടക്കുക എളുപ്പമല്ലെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ‘നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ കണ്ണാടിയാണ് ഈ പുസ്തകം. ഉറങ്ങുന്നവരെ ഉണർത്താൻ ഇത് സഹായിക്കും. നമ്മുടെ സാംസ്കാരിക മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കും’-അദ്ദേഹം പറഞ്ഞു. ‘അത് മനസ്സിലാക്കാൻ ആഗ്രഹിക്കാത്തവരോ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നവരോ ആയ ചിലർക്ക് തന്റെ വീക്ഷണം വ്യക്തമായി ഗ്രഹിക്കാൻ കഴിയണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗമധ്യേ മടക്ക വിമാനം നേരത്തെയാണെന്നറിയിച്ച് ഉദ്യോഗസ്ഥൻ ധൻകറിനരികിലെത്തി. ഇക്കാര്യം സദസ്സിനെ അറിയിച്ച ധൻകർ, വിമാനത്തിൽ കയറാൻവേണ്ടി കടമ ചെയ്യാതിരിക്കാനാവില്ലെന്ന് പറഞ്ഞു.
മറ്റ് കാര്യങ്ങളെക്കാൾ കടമക്കാണ് പ്രാധാന്യം നൽകുന്നത്. സമീപഭൂതകാലം അതിനു തെളിവാണെന്നും അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ധൻകറിന് സ്ഥാനമൊഴിയേണ്ടിവന്നതെന്ന് വാർത്തകളുണ്ടായിരുന്നു. മധ്യപ്രദേശിലെത്തിയപ്പോൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ബി.ജെ.പി നേതാക്കളാരും എത്താതിരുന്നതും ശ്രദ്ധേയമായി.
ജൂലൈ 21നാണ് അദ്ദേഹം ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജിയെങ്കിലും അത് വലിയതോതില്‍ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജിക്ക് ശേഷം പൊതുവേദികളില്‍ നിന്ന് ധൻകർ വിട്ടുനിന്നതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

