ധർമസ്ഥല കൊലപാതക പരമ്പര; എൻ.ഐ.എ അന്വേഷണം വേണമെന്ന് പി. സന്തോഷ് കുമാർ എം.പി
text_fieldsന്യൂഡൽഹി: ദക്ഷിണ കന്നടയിലെ ധർമസ്ഥലയിൽ കൊല്ലപ്പെട്ട നിരവധി ആളുകളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ എൻ.ഐ.എ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി പി. സന്തോഷ് കുമാർ എം.പി. ആത്മീയ കേന്ദ്രമായും പുണ്യസ്ഥലമായും കണക്കാക്കപ്പെടുന്ന ധർമസ്ഥലയിൽനിന്ന് അസ്വസ്ഥപ്പെടുത്തുന്ന വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്.
1995നും 2014നും ഇടയിൽ 500 ലധികം മനുഷ്യശരീരങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായതായി മുൻ ക്ഷേത്ര ശുചീകരണ തൊഴിലാളി നടത്തിയ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നതാണ്. നേത്രാവതി നദിക്ക് സമീപമാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചതെന്നും അവയിൽ പലതും ബലാത്സംഗം ചെയ്‌ത് കൊന്നവയാണെന്നും അയാൾ ആരോപിച്ചു
കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) വിടണമെന്നും സന്തോഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി നിലവിൽ രഹസ്യ കേന്ദ്രത്തിലാണ്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ വെളിപ്പെടുത്തൽ നടത്തിയയാൾ കോടതിയിൽ ഹാജരാക്കുകയും ഇത് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അന്വേഷണം മന്ദഗതിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.