‘സുപ്രീംകോടതിയുടെ ശബരിമല വിധി ബിജെപി അംഗീകരിച്ചിരുന്നോ?’; തിരുപ്പറംകുൺറം വിഷയത്തിൽ മറുപടിയുമായി തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: ത്മിഴ്നാട് മധുര തിരുപ്പുറംകുൺറത്തെ ദീപത്തൂൺ വിവാദത്തിൽ തമിഴ്‌നാട് സർക്കാരിന്റെ പുനഃപരിശോധനാ ഹരജിയെ വിമർശിച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മന്ത്രി വണ്ണി അരശു. നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച ശബരിമല യുവതീപ്രവേശന വിധി ബിജെപി അംഗീകരിച്ചിരുന്നോയെന്ന് ചോദിച്ച മന്ത്രി, കോടതിവിധികൾ സ്വന്തം സൗകര്യത്തിനനുസരിച്ച് മാത്രം അംഗീകരിക്കുന്ന നിലപാടാണ് ബി.ജെ.പിയുടേതെന്ന് വിമർശിച്ചു.
തിരുപ്പുറംകുൺറം ദീപത്തൂൺ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് പുനഃപരിശോധനാ ഹരജി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ജനങ്ങളുടെ പേരിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മധുരയിലെ തിരുപ്പുറംകുൺറം മലമുകളിലെ തർക്കത്തിലുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കേസിൽ സർക്കാർ കൃത്യമായി വാദിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ഡി.എം.കെ ഉയർത്തിയ വിമർശനം. അതേസമയം, മുരുകഭക്തരുടെ വികാരങ്ങൾക്കൊപ്പമാണ് തങ്ങളെന്നും സർക്കാരിന്റെ നിലപാടിന് ഭക്തർ മറുപടി നൽകുമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ മുന്നറിയിപ്പ്.
വിദ്വേഷ രാഷ്ട്രീയത്തെ തമിഴ്നാട്ടിൽ വേരാഴ്ത്താനുള്ള സന്ദർഭമായാണ് സംഘ് പരിവാർ ശക്തികൾ വിവാദത്തെ ഉപയോഗപ്പെടുത്തുന്നത്. അത് തിരിച്ചറിഞ്ഞ് ഡി.എം.കെ, ടി.വി.കെ പാർട്ടികൾ ശക്തമായ നിലപാട് സ്വീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ, ബി.ജെ.പിയുടെ നിലപാടുകളെ ശബരിമല വിധിയുമായി ബന്ധപ്പെടുത്തി വണ്ണി അരശു നടത്തിയ വിമർശനം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി വന്നപ്പോൾ, ജനാഭിപ്രായം പ്രതികൂലമാണെന്ന് തിരിച്ചറിഞ്ഞതോടെ വൻ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.

