ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് വീഴ്ചയുണ്ടെങ്കിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകണം-സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പുകളിൽ ബാങ്കുകളുടെ ജാഗ്രതക്കുറവ് മൂലമാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയാൽ ഇരകൾക്ക് നഷ്ടപ്പെട്ട തുകയെങ്കിലും നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീംകോടതി. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളിൽ ബാങ്കുകളുടെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. നവംബർ 30നകം വിജ്ഞാപനം ചെയ്യാനും ഡിസംബർ 31നകം നടപ്പാക്കാനും ഉദ്ദേശിക്കുന്ന റിസർവ് ബാങ്കിന്റെ 2026ലെ പുതുക്കിയ കെ.വൈ.സി മാർഗനിർദേശങ്ങൾ പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് മതിയായ ജാഗ്രത ഉണ്ടായില്ലെന്ന് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ ഇരകൾക്ക് ഉചിത നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥകൾ പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.
അക്കൗണ്ട് ഉടമയുടെ പതിവ് ഇടപാടുകളിൽനിന്ന് വ്യത്യസ്തമായ അസാധാരണ പണമിടപാടുകൾ താൽക്കാലികമായി തടഞ്ഞുവെക്കുക, സംശയാസ്പദ ഇടപാടുകൾ സ്വമേധയാ റിപ്പോർട്ട് ചെയ്യുക, ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ നേരിട്ട് പരിശോധന നടത്തുക തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംശയിക്കുന്ന ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ അസാധാരണ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തെ പൊലീസ് സ്റ്റേഷനുകളെ അറിയിക്കേണ്ട ഉത്തരവാദിത്തവും ബാങ്കുകൾക്കുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.

