ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി എൻ.ഡി.എ എം.പിമാർക്കുള്ള മോദിയുടെ അത്താഴ വിരുന്ന് റദ്ദാക്കി
text_fieldsന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് തലേദിവസം ഈ മാസം 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യേഗിക വസതിയിൽ എൻ.ഡി.എ എം.പിമാർക്ക് നിശ്ചയിച്ച അത്താഴവിരുന്ന് റദ്ദാക്കി. ഹിമാലയൻ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിരുന്ന് റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ബി.ജെ.പി പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെ.പി. നദ്ദയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് രാത്രി നിശ്ചയിച്ച വിരുന്നും റദ്ദാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രി മോദി അത്താഴവിരുന്ന് നൽകുമെന്നും സഖ്യത്തിനുള്ളിലെ ഐക്യം ശക്തിപ്പെടുത്തുന്നതിലും ബന്ധം വളർത്തുന്നതിലും ഇത്തരം ഇടപെടലുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടന്നും ഒരു മുതിർന്ന എൻ.ഡി.എ നേതാവ് നേരത്തെ അറിയിച്ചിരുന്നു. ‘നമ്മുടെ സ്ഥാനാർഥി സി.പി രാധാകൃഷ്ണന് എല്ലാ എൻ.ഡി.എ പങ്കാളികളുടെയും പൂർണ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പ് സമയത്ത് എം.പിമാർക്കിടയിൽ പൂർണമായ ഏകോപനവും ഐക്യവും ഉറപ്പാക്കാൻ അത്താഴവിരുന്ന് സഹായിക്കുമെന്നും’ നേതാവ് കൂട്ടിച്ചേക്കുകയുണ്ടായി.
എൻ.ഡി.എ തങ്ങളുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണറും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ സി.പി രാധാകൃഷ്ണനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. തെലങ്കാനയിൽ നിന്നുള്ള മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റെഡ്ഡിയെയാണ് പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇരുവരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.