മതവിദ്വേഷം: ജഡ്ജിക്കെതിരെ സി.ബി.ഐ കേസിന് നിർദേശം നൽകണം; ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്
text_fieldsജസ്റ്റിസ് ശേഖർ കുമാർ യാദവ്
ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ വേദിയിൽ മുസ്ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിലുറച്ചുനിൽക്കുന്ന അലഹാബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ സി.ബി.ഐ കേസിന് നിർദേശം നൽകണമെന്ന് 13 മുതിർന്ന സുപ്രീംകോടതി അഭിഭാഷകർ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് കത്തയച്ചു. ജഡ്ജി ക്രിമിനൽ കുറ്റകൃത്യം ചെയ്തുവെന്ന് വ്യക്തമായ സാഹചര്യത്തിൽ, ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ്വമേധയാ കേസ് നടപടികളിലേക്ക് കടക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
ഇന്ദിര ജയ്സിങ്, ആസ്പി ചിനോയ്, നവറോസ് സീർവായ്, ആനന്ദ് ഗ്രോവർ, ജയ്ദീപ് ഗുപ്ത, സി.യു.സിങ്, മോഹൻ വി. കതാർക്കി, ശുഐബ് ആലം, ആർ. വൈഗൈ, മിഹിർ ദേശായ്, ജയന്ത് ഭൂഷൺ, ഗായത്രി സിങ്, അവി സിങ് എന്നിവരാണ് കത്തെഴുതിയത്. വിഷയം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായതിനാലാണ് 1991ലെ വീരസ്വാമി കേസിൽ സുപ്രീംകോടതി ചെയ്തതുപോലെ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്നതെന്ന് കത്ത് ചൂണ്ടിക്കാട്ടി.
ഹൈകോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിൽ പങ്കാളിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന് അഭിഭാഷകർ തുടർന്നു. ഒരു ഹൈകോടതിയിൽ നിന്ന് മറ്റൊരു ഹൈകോടതിയിലേക്കുള്ള ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിന് പോലും രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് കൂടിയാലോചിക്കേണ്ടതുണ്ട്. വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖർ കുമാർ യാദവിന് ആർ.എസ്.എസുമായും ഇപ്പോൾ കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവുമായും ബന്ധമുള്ളതിനാൽ ഹൈകോടതി ജഡ്ജിയാക്കരുതെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൊളീജിയത്തിൽ ആവശ്യപ്പെട്ടതാണെന്നും കത്തിലുണ്ട്.
വിവാദ ജഡ്ജി രാമക്ഷേത്ര സെമിനാറിനില്ല
മഹാകുംഭ് നഗർ (യു.പി): വിദ്വേഷ പരാമർശത്തിൽ വിവാദത്തിലായ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ യാദവ് രാമക്ഷേത്ര പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറിൽനിന്ന് പിൻവാങ്ങി. കുംഭമേളയോടനുബന്ധിച്ച് ജനുവരി 22ന് നടത്താൻ നിശ്ചയിച്ച സെമിനാറിൽ നിന്നാണ് പിന്മാറ്റം. പ്രവൃത്തി ദിവസമായതിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ശേഖർ യാദവ് അറിയിച്ചതായി സംഘാടകർ വെളിപ്പെടുത്തി. മുതിർന്ന ആർ.എസ്.എസ് പ്രചാരക് അശോക് ബെരി, മുതിർന്ന വി.എച്ച്.പി നേതാവ് ബഡേ ദിനേഷ് ജി. സിങ് എന്നിവർ പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്താമെന്നാണ് ജസ്റ്റിസ് ശേഖർ യാദവ് ഏറ്റിരുന്നത്.
ഡിസംബർ എട്ടിന് ഹൈകോടതി സമുച്ചയത്തിൽ വി.എച്ച്.പി ലീഗൽ സെല്ലിന്റെ കൺവെൻഷനിലായിരുന്നു ജഡ്ജിയുടെ വിദ്വേഷ പരാമർശം. തുടർന്ന് സുപ്രീംകോടതി ഹൈകോടതിയിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായ യാദവ്, പ്രസ്താവനയിൽ ഖേദപ്രകടനത്തിന് തയാറായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.