ജില്ല കോടതികൾ രേഖകൾ ഡിജിറ്റലാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ സാങ്കേതികവിദ്യയുടെ സ്വാധീനം വർധിച്ച സാഹചര്യത്തിൽ ജില്ല കോടതികളിലെ ക്രിമിനൽ വിചാരണയും സിവിൽ കേസുകളുമായും ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റലാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ഡിജിറ്റൽ സംരക്ഷണവുമായി ബന്ധപ്പെട്ട നടപടിക്രമം 2021 സെപ്റ്റംബർ 24ന് സുപ്രീംകോടതി ഇ-കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജില്ല കോടതികളിലെ കേസ് രേഖകൾ അപ്പീൽ നൽകാനുള്ള സമയപരിധിക്കകം ഡിജിറ്റലാക്കിയിട്ടുണ്ടോ എന്ന് ഹൈകോടതി രജിസ്ട്രാർ ജനറൽ കൃത്യമായി ഉറപ്പുവരുത്തണം. ജുഡീഷ്യൽ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുംവിധം രേഖകൾ നവീകരിക്കണം. അഴിമതി കേസിൽ അലഹബാദ് ഹൈകോടതി ശിക്ഷിച്ച ആളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. 28 വർഷം മുമ്പ് നടന്ന കേസിൽ കോടതി രേഖകൾ വീണ്ടും കണ്ടെത്താനായില്ല.
ന്യായമായ നിയമനടപടികളുടെ അഭാവത്തിലുണ്ടാകുന്ന ഏതെങ്കിലും നിയന്ത്രണങ്ങളിൽനിന്നുള്ള സംരക്ഷണവും ഉൾക്കൊള്ളുന്നതാണ് ആർട്ടിക്കിൾ 21ന് കീഴിലുള്ള അവകാശങ്ങളുടെ സംരക്ഷണം. അപ്പീൽ ഫയൽ ചെയ്യുന്ന വ്യക്തിക്ക് വിചാരണ കോടതിയുടെ നിഗമനങ്ങളെ ചോദ്യം ചെയ്യാനുള്ള അവസരവും ന്യായമായ നിയമനടപടിയിൽ ഉൾപ്പെടുന്നു. അപ്പീൽ കോടതിയിൽ രേഖ ലഭ്യമാകുമ്പോൾ മാത്രമാണ് അത് സാധ്യമാവുകയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.