‘ഡി.എം.കെക്ക് കൊള്ളയടിച്ച പണമാണ് തുണ, എനിക്ക് ജനപിന്തുണയാണ് കരുത്ത്’; ഈറോഡിനെ ഇളക്കിമറിച്ച് വിജയ്‍യുടെ പ്രസംഗം
text_fieldsഈറോഡിൽ സംഘടിപ്പിച്ച യോഗത്തിൽ വിജയ് സംസാരിക്കുന്നു
ഈറോഡ്: കരൂർ ദുരന്തത്തിനു ശേഷം നടത്തിയ ആദ്യ പൊതുറാലിയിൽ, അധികാരത്തിലിരിക്കുന്ന ഡി.എം.കെ സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി ടി.വി.കെ അധ്യക്ഷൻ വിജയ് രംഗത്ത്. പ്രസംഗത്തിലുടനീളം ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം ഒന്നൊന്നായി വിജയ് അക്കമിട്ടു നിരത്തി. എ.ഐ.എ.ഡി.എം.കെയിൽനിന്ന് അടുത്തിടെ ടി.വി.കെയിലെത്തിയ സെങ്കോട്ടൈയന്‍റെ തട്ടകത്തിൽ നടന്ന യോഗത്തിൽ, എം.ജി.ആറും അണ്ണാദുരൈയും തമിഴ്നാടിന്‍റെ പൊതുസ്വത്താണെന്നും ഏതെങ്കിലും പാർട്ടിയുടെ കുത്തകയല്ലെന്നും വിജയ് പറഞ്ഞു.
പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കരുത്. അങ്ങനെയുള്ളവർ രാഷ്ട്രീയ എതിരാളികളാണ്. ഡി.എം.കെക്ക് കൊള്ളയടിച്ച പണമാണ് തുണയെങ്കിൽ തനിക്ക് ജനപിന്തുണയാണ് കരുത്തെന്നും വിജയ് പറഞ്ഞു. വൈദ്യുതി നിരക്ക് വർധന, മണൽ ഖനന കൊള്ള തുടങ്ങിയ പ്രശ്നങ്ങളും ടി.വി.കെ അധ്യക്ഷൻ ഉയർത്തിക്കാണിച്ചു. ബി.ജെ.പി കളത്തിൽ ഇല്ലാത്ത പാർട്ടിയെന്ന് വിജയ് പരിഹസിക്കുകയും ചെയ്തു. 20 മിനിറ്റോളം നീണ്ട പ്രസംഗത്തിന് സാക്ഷിയാകാൻ പതിനായിരക്കണക്കിനു പേരാണ് ഈറോഡിലേക്ക് എത്തിയത്.
ഈറോഡിലെ വിജയമംഗലത്ത് ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. അമ്മൻ കോവിലിന്‍റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് യോഗം സംഘടിപ്പിച്ചത്. വൈകിട്ട് 6.30ന് ഓൺലൈനായി ടി.വി.കെയുടെ യോഗവും നടക്കുന്നുണ്ട്. നേരത്തെ ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്‍യുടെ റോഡ് ഷോ നടത്താൻ ടി.വി.കെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന് നുമതി നൽകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 27ന് കരൂരിൽ ടി.വി.കെ റാലിയിലുണ്ടായ തിക്കിലുംതിരക്കിലും 41 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

