പെരുന്നാളിന് റോഡ് തടസ്സപ്പെടുത്തി പ്രാർഥന നടത്തരുത്, പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറുക്കരുത് -യോഗി ആദിത്യനാഥ്
text_fieldsലഖ്നൗ: സംസ്ഥാനത്ത് ബലി പെരുന്നാൾ പ്രമാണിച്ച് പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറുക്കാന് പാടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ കന്നുകാലികളെ അറുക്കാവൂ. പുതിയ രീതികളൊന്നും പ്രോത്സാഹിപ്പിക്കരുത്. ഇതോടൊപ്പം പരമ്പരാഗതമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ നമസ്കാരം നടത്താവൂ. ഒരു സാഹചര്യത്തിലും റോഡുകൾ തടഞ്ഞ് പ്രാർഥന നടത്താൻ അനുമതി നൽകരുതെന്നും മുന്നറയിപ്പ് നൽകി.
ഞായറാഴ്ച നടന്ന സുരക്ഷാ അവലോകന യോഗത്തിലാണ് യോഗിയുടെ നിർദേശം. ആചാരപരമായ ബലി കർമ്മങ്ങൾക്ക് ശേഷം അവശിഷ്ടങ്ങൾ നിർമാർജനം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും കൃത്യമായ സംവിധാനം ഉറപ്പാക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു. ഇറച്ചി പരസ്യമായി വിൽക്കുന്നതിനുള്ള നിരോധനം അനധികൃത കശാപ്പുശാലകൾ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, ലൈസൻസുള്ള കശാപ്പുശാലകളിൽ പോലും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ മൃഗങ്ങളെ സൂക്ഷിക്കാൻ പാടില്ല, തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഈ കാലയളവിൽ വൈദ്യുതി വിതരണം, ശുചിത്വം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയിൽ അതീവ ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രശ്നബാധിത പ്രദേശങ്ങളിൽ ഉത്സവങ്ങൾക്ക് മുന്നോടിയായി ഫ്ലാഗ് മാർച്ചുകൾ നടത്തണമെന്നും ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ പൊലീസിന്റെ നിരന്തരമായ പട്രോളിംഗ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അലിഗഡ്, ബിജ്നോർ, സഹാറൻപൂർ, രാംപൂർ, സംഭാൽ തുടങ്ങിയ പ്രശ്നബാധിത ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുമാരുമായും പൊലീസ് മേധാവിമാരുമായും നടത്തിയ ചർച്ചയിൽ, മുൻകാല സംഭവങ്ങൾ വിശകലനം ചെയ്ത് ക്രമസമാധാന നില തകർക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തണമെന്നും ആവശ്യമെങ്കിൽ അവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷൻ, തഹസിൽ, ജില്ലാ തലങ്ങളിലുള്ള സമാധാന സമിതികളുമായി നിരന്തരം ചർച്ചകൾ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

