ഡിജിറ്റൽ വാർത്താ ലോകത്ത് അഞ്ചാണ്ട് തികച്ച് ഇ-ന്യൂസ്റൂം ഇന്ത്യ
text_fieldsഡിജിറ്റൽ വാർത്താ ലോകത്ത് അഞ്ചാണ്ട് തികച്ച് ന്യൂസ് പോർട്ടലായ ഇ-ന്യൂസ്റൂം ഇന്ത്യ. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോർട്ടൽ ഹിന്ദിയിലും ഇംഗ്ലീഷിലും വാർത്തകൾ നൽകുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള പോർട്ടലിന്റെ സാരഥികൾ നാല് മാധ്യമപ്രവർത്തകരാണ്. ഷഹനവാസ് അക്തർ, ഷബിന അക്തർ, സുചേത ചക്രവർത്തി, നസ്രീൻ ഖാൻ എന്നിവർ ചേർന്ന് 2017ലാണ് ഇ-ന്യൂസ്റൂം ഇന്ത്യ എന്ന മീഡിയ ഹൗസ് സ്ഥാപിച്ചത്.
വർഷങ്ങളായുള്ള പ്രവർത്തനംകൊണ്ട് വാർത്തകളുടെയും വീക്ഷണങ്ങളുടെയും വിശ്വസനീയമായ ഉറവിടമായി പോർട്ടൽ മാറിയിട്ടുണ്ട്. പോർട്ടലിന്റെ രക്ഷാധികാരികളും മാർഗദർശകരുമായി പ്രമുഖ മാധ്യമപ്രവർത്തകരായ എൻ.ഡി. ശർമ്മ, സജേദ മോമിൻ, നളിൻ വർമ, ജോൺ തോമസ് എന്നിവർ പ്രവർത്തിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ, പ്രാദേശിക, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിരവധി മികച്ച ഗവേഷണ ലേഖനങ്ങൾ ഇ-ന്യൂസ്റൂം ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാർഖണ്ഡിലെയും രാജസ്ഥാനിലെയും ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ജാർഖണ്ഡിലെ പട്ടിണി മരണങ്ങൾ, പശ്ചിമ ബംഗാളിലെ സി.എ.എ-എൻആർസി പ്രതിഷേധങ്ങൾ, ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമിയുടെ ഭരണകൂട പീഡനം, കർഷക പ്രതിഷേധം എന്നിവ മികച്ച രീതിയിൽ കവർ ചെയ്യാൻ പോർട്ടലിനായി. കൊവിഡ് ലോക്ഡൗണിന്റെയും തുടർന്നുള്ള കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയുടെയും ആഘാതത്തെ സൂക്ഷ്മമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ പോർട്ടലിനായി. 2018-ൽ ഉയർന്നുവന്ന 'മീടു' കാമ്പയിന്റെ ഭാഗമായി വനിതാ മാധ്യമപ്രവർത്തകർ ഉയർത്തിയ വിഷയങ്ങൾ പുറത്തുകൊണ്ടുവരുന്നതിലും പ്രസിദ്ധീകരണം പ്രധാന പങ്കുവഹിച്ചു. പശ്ചിമ ബംഗാളിലെയും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് വേളയിൽ പോർട്ടലിലെ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകർ മികച്ച ഗ്രൗണ്ട് റിപ്പോർട്ടുകൾ നൽകിയിരുന്നു.
രാഷ്ട്രീയ പാർട്ടികളുടേയോ സർക്കാരിന്റെയോ സ്വകാര്യ കോർപ്പറേറ്റുകളുടെയോ രക്ഷാകർതൃത്വമില്ലാതെ ഇ-ന്യൂസ്റൂമിന് അതിന്റെ അഞ്ച് വർഷം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണെന്ന് പോർട്ടൽ സ്ഥാപക അംഗം ഷാനവാസ് അക്തർ പറഞ്ഞു. പൂർണമായും മാധ്യമപ്രവർത്തകർ നടത്തുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണിതെന്നും അക്തർ പറഞ്ഞു. 'ഞങ്ങളുടെ സ്റ്റോറികൾ മിക്കവാറും എക്സ്ക്ലൂസീവ് ആണ്, മുഖ്യധാരാ മാധ്യമങ്ങൾ വലിയ തോതിൽ അവഗണിക്കുന്ന വിഷയങ്ങളാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ ഗ്രാന്റുകളും സബ്‌സ്‌ക്രിപ്‌ഷനുകളുമാണ് സ്ഥാപനത്തിന്റെ വരുമാന മാർഗമെന്നും അദ്ദേഹം പറയുന്നു.
'സ്വതന്ത്ര മാധ്യമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ഇ-ന്യൂസ്റൂം ഇന്ത്യ സ്ഥാപിച്ചത്. ഇന്ത്യയിലെ ഇപ്പോഴത്തെ സർക്കാരുകൾ മാധ്യമങ്ങളെ നിയന്ത്രിക്കുകയാണ്. പ്രചരണം നടത്താനും ആളുകളെ മസ്തിഷ്ക പ്രക്ഷാളനം നടത്താനുമുള്ള ഉപകരണമായി സർക്കാരുകൾ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. എന്നാൽ ഇ-ന്യൂസ്റൂം സ്വതന്ത്രമായി പ്രവർത്തിക്കുന്നു'-പോർട്ടൽ സഹസ്ഥാപകയായ സുചേത ചക്രവർത്തി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.