Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർഗ പൂജക്കിടെ മാംസാഹാരം കഴിക്കുന്നത് വിവാദമാക്കേണ്ട; വെട്ടിലായതോടെ ബാഗേശ്വർ ബാബയെ തള്ളി പശ്ചിമ ബംഗാൾ ബി.ജെ.പി മന്ത്രി

text_fields
bookmark_border
ദുർഗ പൂജക്കിടെ മാംസാഹാരം കഴിക്കുന്നത് വിവാദമാക്കേണ്ട; വെട്ടിലായതോടെ ബാഗേശ്വർ ബാബയെ തള്ളി പശ്ചിമ ബംഗാൾ ബി.ജെ.പി മന്ത്രി
cancel

കൊൽക്കത്ത: ദുർഗ പൂജയുടെ സമയത്ത് മാംസാഹാരം കഴിക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് ഘോഷ്. ബാഗേശ്വർ ധാം മുഖ്യ പുരോഹിതൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ മാംസത്തിനെതിരെയുള്ള പരാമർശം സംസ്ഥാന സർക്കാറിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. നല്ല ആരോഗ്യത്തിനായാണ് സന്യാസിമാർ സസ്യാഹാരം ശുപാർശ ചെയ്യുന്നതെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

ദുർഗാ പൂജക്കും നവരാത്രിക്കും മാംസാഹാരം കഴിക്കുന്നവരെ ബാഗേശ്വർ ബാബ കപടവിശ്വാസികൾ എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. പൂജാ സമയത്ത് മത്സ്യമോ മാംസമോ പാകം ചെയ്യാനോ കഴിക്കാനോ പാടില്ലെന്നും ദുർഗാ വിഗ്രഹങ്ങൾക്ക് സമീപം ഇവ വിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലത്ത് സസ്യഭക്ഷണ രീതിയാണ് പിന്തുടരുന്നതെങ്കിൽ, ബംഗാളികളെ സംബന്ധിച്ച് മത്സ്യവും മാംസവും കഴിക്കുന്നത് പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ്. ബാഗേശ്വർ ബാബയുടെ പ്രസ്താവന ബംഗാളികളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസും സി.പി.എമ്മും രംഗത്തുവന്നത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.

ബി.ജെ.പിയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ആത്മീയ നേതാവാണ് ധീരേന്ദ്ര ശാസ്ത്രി. ‘ദുർഗാ പൂജയുടെ സമയത്ത് ആട്ടിൻകുട്ടികളെ ബലികഴിക്കുന്ന പാരമ്പര്യം ബംഗാളിലുണ്ട്, അത് പ്രസാദമായി കഴിക്കാറുമുണ്ട്. ഇവിടെ ആട്ടിൻമാംസം കഴിക്കുന്നത് വിവാദപരമായ ഒരു വിഷയമല്ല. ഞാൻ മീൻ ഒഴികെ മറ്റൊന്നും കഴിക്കാറില്ല. എന്നാൽ ആർക്ക് എന്ത് കഴിക്കണം എന്നത് അവരാണ് തീരുമാനിക്കുന്നത്. ഇഷ്ടമുള്ളത് കഴിക്കാൻ അനുവദിക്കണം’ -പഞ്ചായത്ത്, ഗ്രാമവികസന മന്ത്രിയായ ദിലീപ് ഘോഷ് പറഞ്ഞു. ബാഗേശ്വർ ബാബയുടെ അടുത്തുപോകുന്നവർക്ക് തങ്ങൾ മീനോ മാംസമോ കഴിക്കാറില്ലെന്ന് പൂർണ ബോധ്യത്തോടെ പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

സന്യാസിമാർ അവരുടെ കാഴ്ചപ്പാടിൽ നിന്നാണ് സംസാരിക്കുന്നത്, സസ്യാഹാരം ആരോഗ്യത്തിന് നല്ലതാണെന്ന് അവർ പറയുന്നു. ബംഗാളിലെ വിവിധ ആരാധനാക്രമങ്ങളുമായി മാംസാഹാരം ദീർഘകാലമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ബാഗേശ്വർ ബാബയെ തള്ളി രംഗത്തുവന്നിരുന്നു. ബംഗാളികൾ എന്ത് കഴിക്കണമെന്ന് പുറത്തുനിന്നുള്ളവർ തീരുമാനിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബംഗാളികൾ അവർക്ക് ഇഷ്ടമുള്ളതും പാരമ്പര്യമായി കഴിച്ചുപോരുന്നതുമായ ഭക്ഷണം കഴിക്കും. അവർക്ക് മത്സ്യം കഴിച്ചുകൂടേ? മാംസം കഴിച്ചുകൂടേ? സ്വാമി വിവേകാനന്ദൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്; അദ്ദേഹത്തിനും മുകളിലാണോ മറ്റുള്ളവർ?’- ഭട്ടാചാര്യ ചോദിച്ചു.

അടുത്തിടെ ഹൗറ സന്ദർശിച്ച ധീരേന്ദ്ര ശാസ്ത്രിക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് വിവാദ പ്രസ്താവന. ഹിന്ദുത്വ അജൻഡയും ബംഗാളിന്റെ പ്രാദേശിക സാംസ്‌കാരിക പാരമ്പര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതാണ് ബാഗേശ്വർ ബാബയുടെ പ്രസ്താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eating meat during Durga Puja not matter of controversy -WB minister
Next Story