നിരവധി വിദേശി വോട്ടർമാരെ കണ്ടെത്തിയെന്ന് തെര. കമീഷൻ: ‘ജനനസ്ഥലം പരിശോധിച്ച് അവരെ പുറത്താക്കാൻ ഇന്ത്യയിലുടനീളം തീവ്ര പരിശോധന നടത്തും’
text_fieldsന്യൂഡൽഹി: ബിഹാറിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയിൽ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി പേരെ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ. ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ വീടുതോറും നടത്തിയ പരിശോധനയിലാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്. ആഗസ്റ്റ് ഒന്നിന് ശേഷം ഇവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരുടെ ജനനസ്ഥലം പരിശോധിച്ച് അവരെ പുറത്താക്കുന്നതിനായി ഇന്ത്യയിലുടനീളം തെരഞ്ഞെടുപ്പ് പട്ടികകളുടെ തീവ്ര പരിശോധന നടത്തുമെന്നും കമീഷൻ അറിയിച്ചു.
ബിഹാറിൽ ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നടത്തുന്നത്. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് 2026ൽ നടക്കും.
തെര. കമീഷൻ മോദിയുടെ കളിപ്പാവ -കപിൽ സിബൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ എപ്പോഴും മോദി സർക്കാറിന്റെ കൈയിലെ കളിപ്പാവയാണെന്ന വിമർശനവുമായി മുതിർന്ന അഭിഭാഷകനായ രാജ്യസഭാംഗം കപിൽ സിബൽ. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‍കരണം ചൂണ്ടിക്കാട്ടിയാണ് കമീഷനെതിരെ സിബൽ രംഗത്തുവന്നത്. ഒാരോ തെരഞ്ഞെടുപ്പ് കമീഷനും ഈ സർക്കാറുമായുള്ള യോജിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പൗരത്വ വിഷയങ്ങൾ തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല; അതും ഒരു ബ്ലോക്ക് ലെവൽ ഓഫിസർക്ക്. ഭൂരിപക്ഷ സർക്കാറുകൾ അധികാരത്തിൽ തുടരുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും പേരുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നത്. ഇത് വളരെ ആശങ്കജനകമാണെന്നും സിബൽ പറഞ്ഞു.
വിദ്വേഷപ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖർ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിക്കുന്നത് വരെ ജസ്റ്റിസ് വീട്ടിൽ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള സർക്കാറിന്റെ ഒരു നീക്കത്തെയും പ്രതിപക്ഷം പിന്തുണക്കരുതെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.