സാമ്പത്തിക മുരടിപ്പ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും യശ്വന്ത് സിൻഹ. സർക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നത് ദോഷൈകദൃക്കുകളാണെന്നും ഇവർ മാന്ദ്യം പെരുപ്പിച്ചുകാട്ടുകയാണെന്നും മോദി മറുപടി നൽകിയിട്ടും സിൻഹ തന്‍റെ വാദങ്ങളിൽ നിന്ന് പിറകോട്ട് പോകാൻ തയ്യാറായില്ല.
തെറ്റായ സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ ഫലം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുമെന്നാണ് യശ്വന്ത് സിൻഹ തിരിച്ചടിച്ചിരിക്കുന്നത്.
തങ്ങൾ ദോഷൈകദൃക്കുകളാണോ ശുഭാപ്തി വിശ്വാസികളാണോ എന്നത് പ്രധാനമല്ല. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കാണാൻ സർക്കാരിനെ പ്രേരിപ്പിക്കുകയാണ് താൻ ചെയ്യുന്നത്. അതിന് ഇത്തരത്തിൽ വ്യക്തിപരമായല്ല മറുപടി പറയേണ്ടതെന്നും സിൻഹ പറഞ്ഞു.
സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിന്‍റെ മാത്രം ഫലം നോക്കിയല്ല തന്‍റെ വിമർശനം. അഞ്ചോ ആറോ പാദങ്ങളായി സാമ്പത്തിക രംഗത്ത് മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഇത് 5.7 ആയിരുന്നുവെന്നും സിൻഹ പറഞ്ഞു.
മൂന്ന് മാസത്തെ കണക്കെടുപ്പിൽ സാമ്പത്തിക വളർച്ച ഇടിഞ്ഞതിന്‍റെ പേരിൽ മാന്ദ്യം പെരുപ്പിച്ച് കാട്ടുന്നത് ദോഷൈകദൃക്കുകളാണെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. ഇതിന് മറുപടി പറയുകയായിരുന്നു ബി.ജെ.പി നേതാവും മുൻ ധനമന്ത്രിയുമായ യശ്വന്ത് സിൻഹ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.