ആപ് മുൻമന്ത്രി സൗരഭ് ഭരദ്വാജിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാറിന്റെ കാലത്ത് ആശുപത്രി നിർമാണ പ്രവർത്തനങ്ങളിൽ ക്രമക്കേട് ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. മുൻ ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ വസതിയിൽ ഉൾപ്പെടെ 13 സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച ഇ.ഡി വ്യാപക റെയ്ഡ് നടത്തിയത്.
2018-19 കാലയളവിൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾ അനുവദിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി ആരോപിച്ച് 2024 ആഗസ്റ്റിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത നൽകിയ പരാതിയിലാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
കാലതാമസം, തിരിമറി എന്നിവ മൂലം പദ്ധതികൾ താറുമാറായെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അനുവദിച്ച ആശുപത്രികളൊന്നും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല, നൂറുകണക്കിന് കോടി രൂപയുടെ വർധിച്ച ചെലവ് വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി പറയുന്നു. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇ.ഡി പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് റെയ്ഡെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മോദി സർക്കാർ ഞങ്ങളെ നിശ്ശബ്ദരാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ, അത് ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.