അനിശ്ചിതത്വം, സംഘർഷം, ഒടുവിൽ വിജയം
text_fieldsചെന്നൈ: രാജ്യം ആകാംക്ഷ പൂർവം ഉറ്റു നോക്കിയ തമിഴ്നാട് രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ പരിസമാപ്തി. രാവിലെ പതിനൊന്ന് മണിയോടെ വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സഭ തുടങ്ങിയ ഉടൻ സംസാരിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷ നേതാവ് സ്റ്റാലിെൻറ ആവശ്യം സ്പീക്കർ അംഗീകരിച്ചു.
അണ്ണാ ഡി.എം.കെ എം.എൽ.എമാരെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിക്കുകയാണ് ചെയ്തതെന്ന് സ്റ്റാലിൻ ആരോപിച്ചു. തടവുപുള്ളികളെ പോലെ എം.എൽ.എമാരെ പൊലീസിന്‍റെ നിരീക്ഷണത്തിലാണ് സഭയിൽ എത്തിച്ചത്. ജനാധിപത്യം ഉയർത്തി പിടിക്കാൻ രഹസ്യ ബാലറ്റ് വേണമെന്നും പന്നീർശെൽവത്തിനെ സംസാരിക്കാൻ അനുവദിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ശേഷം അണ്ണാ ഡി.എം.കെ വിമത പക്ഷം നേതാവ് പന്നീർശെൽവത്തിനും സംസാരിക്കാൻ സ്പീക്കർ അനുമതി നൽകി. എംഎൽഎമാരെ റിസോർട്ടിൽ തടവിൽ പാർപ്പിച്ചെന്നും അവരെ സ്വന്തം മണ്ഡലത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും പന്നീർശെൽവം ആവശ്യപ്പെട്ടു.
തുടർന്ന്പളനിസാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ രഹസ്യ വോെട്ടടുപ്പ് വേണമെന്ന സ്റ്റാലിെൻറ ആവശ്യം നിരസിച്ചതോടെയാണ് സഭയിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. രഹസ്യ വോെട്ടടുപ്പ് വേണമെന്ന്പന്നീർ ശെൽവവും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചു.
എന്നാൽ, ആവശ്യം തള്ളിയ സ്പീക്കർ പി. ധനപാൽ വോട്ടെടുപ്പ് ഏതു വിധത്തിൽ വേണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം തനിക്കുണ്ടെന്ന് സഭയെ അറിയിച്ചു. ഇതേ തുടർന്ന് ഡി.എം.കെ എം.എൽ.എമാർ സ്പീക്കറെ ഘരാവോ ചെയ്ത് സഭാ നടപടികൾ തടസപ്പെടുത്തി.

ഡയസിൽ കടന്നുകയറിയ ഡി.എം.കെ അംഗങ്ങൾ സ്പീക്കറുടെ കസേര തകർക്കുകയും പേപ്പറുകൾ കീറിയെറിയുകയും മൈക്ക് തകർക്കുകയും ചെയ്തു. ഡി.എം.കെ എം.എൽ.എ സെൽവം സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നതിനും സ്പീക്കറുടെ വസ്ത്രം വലിച്ചു കീറുന്നതിനും സഭ സാക്ഷ്യം വഹിച്ചു.
അതിനിടെ വിശ്വാസ വോട്ടെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതേതുടർന്ന് സഭ നിർത്തിവെച്ച ശേഷം ഒരു മണിക്ക് കൂടിയെങ്കിലും പ്രതിപക്ഷ എംഎൽഎമാർ സഭ നടപടികൾ വീണ്ടും തടസപ്പെടുത്തുകയും മൂന്ന് മണിവരെ സഭ നിർത്തിവെക്കുകയും ചെയ്തു. മൂന്നിന് സഭ പുനരാരംഭിക്കുന്നതിന് മുമ്പ് ഡി.എം.കെ എം.എൽ.എമാരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ സ്പീക്കർ സുരക്ഷ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ സ്റ്റാലിനുൾപ്പെടെയുള്ള എം.എൽ.എമാരെ പൊലീസ് പുറത്താക്കി. കീറിയ ഷർട്ടുമായാണ് അദ്ദേഹം സഭക്ക്പുറത്തേക്ക് എത്തിയത്.
മൂന്ന് മണിക്ക് സഭ പുനരാരംഭിക്കുകയും ശബ്ദ വോെട്ടടുപ്പോടെ വിശ്വാസവോട്ട് തുടങ്ങുകയും ചെയ്തു. പന്നീർശെൽവം പക്ഷത്തെ 11 എം.എൽ.എമാർ വിയോജിക്കുകയും 122 എം.എൽ.എമാർ പിന്തുണക്കുകയും ചെയ്തതോടെ വോെട്ടടുപ്പ് പൂർത്തിയാവുകയും പളനി സ്വാമി വിജയിക്കുകയും ചെയ്തു.

പളനിസാമി വിശ്വാസ വോട്ട് നേടിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ ഗവർണറെ സമീപിച്ചതിൽ അസാധാരണ തീരുമാനങ്ങളൊന്നും ഗവർണറിൽ നിന്ന് ഉണ്ടായില്ലെങ്കിൽ തമിഴ്നാട് ഇനി അണ്ണാ ഡിഎംകെ ഭരിക്കുമെന്ന് ഉറപ്പിക്കാം. ഗവർണറുടെ തീരുമാനം മറിച്ചാണെങ്കിൽ മുെമ്പങ്ങും കണ്ടിട്ടില്ലാത്ത ഭരണ പ്രതിസന്ധിയിലേക്ക് തമിഴ്നാട് കൂപ്പൂകുത്തും. പ്രതിപക്ഷത്തെ മാറ്റി നിർത്തിയ വിശ്വാസ വോെട്ടടുപ്പ് കോടതി കയറാനും സാധ്യതയേറെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.