മദ്റസ വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവം: നാലു കുട്ടികള്‍ അറസ്റ്റിൽ
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്റസാ വിദ്യാര്‍ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തിൽ പരിസരവാസികളായ നാലു കുട്ടികള്‍ അറസ്റ്റിൽ. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡൽഹി മാളവിക നഗർ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഡല്‍ഹി മാളവീയ നഗറിലെ ശിവാലികിലുള്ള ബീഗംപുര്‍ ജാമിഅ ഫരീദിയ വിദ്യാര്‍ഥിയായ മുഹമ്മദ് അസീമിനെയാണ് മദ്റസയുടെ പരിസരവാസികള്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നത്. അടിച്ചുകൊന്നവരില്‍ രണ്ടു പേരെ അധ്യാപകര്‍ ചേര്‍ന്ന് പിടിച്ചെങ്കിലും കുട്ടികളുടെ അമ്മ വന്ന് ബലമായി തിരികെ കൊണ്ടു പോവുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ആരെയും പിടികൂടിയില്ല. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചു.
വ്യാഴാഴ്ച മദ്റസക്ക് അവധിയായതിനാല്‍ മദ്റസയുടെ സ്ഥലത്ത് കളിക്കാന്‍ പോയതായിരുന്നു അസീം എന്ന് കുട്ടികളുടെ കെയര്‍ടേക്കറായ മുംതാസ് പറഞ്ഞു. കളിക്കിടയിലുണ്ടായ കശപിശയെ തുടര്‍ന്ന് പുറത്തുനിന്ന് വന്ന മുതിര്‍ന്ന കുട്ടികള്‍ കല്ലേറ് നടത്തി. പിന്നീട് വലിയ പടക്കംപൊട്ടിച്ച് അസീമിനുനേരെ എറിഞ്ഞു. ശേഷം കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീണു.
ആക്രമണമറിഞ്ഞ് ഗ്രൗണ്ടിലെത്തിയവർ വീണുകിടന്ന അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരേത്ത സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മദ്റസാ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം പതിവായിട്ടും അതേക്കുറിച്ച് പരാതി നല്‍കിയിട്ടും ഡല്‍ഹി പൊലീസ് ഇതുവരെയും ഒരു നടപടിയുമെടുക്കാതിരുന്നതാണ് ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുംതാസ് പറഞ്ഞു.
മുതിര്‍ന്നവര്‍ മദ്യപിച്ചു വന്ന് കുട്ടികളെ അക്രമത്തിനായി പറഞ്ഞുവിടുകയാണ് ചെയ്യാറ്. 1968 മുതല്‍ പ്രവര്‍ത്തിക്കുന്ന മദ്റസയാണിത്. മദ്റസയുടെയും പള്ളിയുടെയും ഭൂമി കിട്ടാനുള്ള ഒരു വിഭാഗത്തിെൻറ ശ്രമമാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാം കാരണമെന്ന് പ്രിന്‍സിപ്പൽ വ്യക്തമാക്കിയിരുന്നു. 50ഒാളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മദ്റസക്കും പള്ളിക്കും നേരെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ പതിവാണെന്നും എന്നാല്‍ കൊലപാതകം നടക്കുന്നത് ആദ്യമാണെന്നും മദ്റസയിലുള്ള മുഹമ്മദ് ശാകിര്‍ വെളിപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.