സർക്കാറിന്റെ എട്ടുവർഷം സമർപ്പിച്ചത് പാവങ്ങളുടെ ക്ഷേമത്തിന് -മോദി
text_fieldsന്യൂഡൽഹി: എട്ടു വർഷം മുമ്പ് അഴിമതി, സ്വജനപക്ഷപാതം, ഭീകരത വ്യാപനം, പ്രാദേശിക വിവേചനം എന്നിവയുടെ ദൂഷിതവലയത്തിൽ പെട്ടു കിടന്ന ഇന്ത്യ, അതിൽനിന്നെല്ലാം പുറത്തു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അച്ഛേ ദിൻ' വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മോദി സർക്കാറിന്റെ എട്ടാം വാർഷിക വേളയിലാണ് ഈ അവകാശവാദം. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ടതായിരുന്നു തന്റെ സർക്കാറിന്റെ എട്ടുവർഷമെന്ന് നരേന്ദ്ര മോദി വിലയിരുത്തി.
രാജ്യത്തിന്റെ വിശ്വാസവും ജനങ്ങളുടെ ആത്മവിശ്വാസവും മുമ്പെന്നത്തെക്കാൾ മെച്ചപ്പെട്ടു. കോവിഡ് പ്രത്യാഘാതങ്ങളിൽനിന്ന് പുറത്തു കടക്കുന്ന ഇന്ത്യ ഇന്ന് ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥകളിലൊന്നാണ്. പുതിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ലോകം ഇന്ത്യയെ നോക്കുന്നത്. പാവപ്പെട്ടവരുടെ ജീവിതപ്രയാസങ്ങൾ കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുമ്പോൾ പാവപ്പെട്ടവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മോദി സർക്കാറിന്റെ വികലഭരണ രീതികൾ ജനങ്ങളെ ഭിന്നിപ്പിക്കുകയും വികസനത്തിൽ പിന്നാക്കം കൊണ്ടുപോകുകയും ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. കോവിഡും യുക്രെയ്ൻ സംഘർഷവും ആഗോള സാഹചര്യങ്ങൾ മോശമാക്കിയെങ്കിൽക്കൂടി, ഇന്ത്യയിൽ മാന്ദ്യവും വിലക്കയറ്റവും ഇത്രയേറെ രൂക്ഷമാകാൻ കാരണം സർക്കാറിന്റെ പിടിപ്പില്ലായ്മയാണെന്ന് കോൺഗ്രസ്, സി.പി.എം തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.