'സൂപ്പർ എൽ നിനോ' ഇന്ത്യയിൽ വൻ നാശം വിതച്ചേക്കാം; മാർച്ചിനുള്ളിൽ 55,000 മരണങ്ങൾക്ക് സാധ്യതയെന്ന് പഠനം
text_fieldsന്യൂഡൽഹി: എൽ നിനോ പ്രതിഭാസത്തെത്തുടർന്നുള്ള കടുത്ത ചൂട് ഇന്ത്യയിൽ ഏകദേശം 55,000 പേരുടെ മരണത്തിന് കാരണമായേക്കുമെന്ന് പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ ‘എൽ നിനോ ഹീറ്റ് മോർട്ടാലിറ്റി ട്രാക്കർ’ ആണ് മുന്നറിയിപ്പ് നൽകുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ആറുമാസത്തിനിടെ ലോകത്താകെ 3.73 ലക്ഷത്തിലധികം ചൂടുമരണങ്ങൾ ഉണ്ടായേക്കുമെന്നും ട്രാക്കർ കണക്കാക്കുന്നു.
പ്രവചനമനുസരിച്ച്, ഇന്ത്യയിലെ മരണങ്ങളിൽ ഭൂരിഭാഗവും മാർച്ചിലായിരിക്കും സംഭവിക്കുക. നൈജീരിയയിൽ 56,000 മരണങ്ങൾ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ഇന്തോനേഷ്യയിൽ 29,000 പേരും ബ്രസീലിൽ 19,000 പേരും ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചേക്കാമെന്നാണ് കണക്ക്. ആഗോള ദക്ഷിണമേഖലയിലെ രാജ്യങ്ങളിലായിരിക്കും മരണങ്ങളുടെ വലിയൊരു പങ്കും കേന്ദ്രീകരിക്കുകയെന്നും വിലയിരുത്തൽ വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിലെ താപനില ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് രൂപപ്പെട്ട 'സൂപ്പർ എൽ നിനോ' പ്രതിഭാസം ലോകമെമ്പാടും വൻ ദുരന്ത ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്രോപരിതലത്തിലെ ചൂട് റെക്കോർഡ് തലത്തിലേക്ക് ഉയർന്നിട്ടുണ്ട്. എൽ നിനോ ആഗോള കാറ്റിന്റെ ഗതിയിലും അന്തരീക്ഷമർദത്തിലും മഴയുടെ വിതരണത്തിലും മാറ്റങ്ങളുണ്ടാക്കും. ഇതിന്റെ ഫലമായി ചില പ്രദേശങ്ങളിൽ കടുത്ത ചൂടും വരൾച്ചയും അനുഭവപ്പെടുമ്പോൾ മറ്റു ഭാഗങ്ങളിൽ പ്രളയത്തിനും ശക്തമായ കൊടുങ്കാറ്റുകൾക്കും സാധ്യത വർധിക്കാം.
ട്രാക്കറിന്റെ റിപ്പോർട്ട് പ്രകാരം, സെപ്റ്റംബറോടെ പസഫിക് സമുദ്രത്തിലെ താപനില 3.08 ഡിഗ്രി ഉയർന്നിരുന്നു. ഇതുവരെ രേഖപ്പെടുത്തിയ എൽ നിനോ സംഭവങ്ങളിൽ ഏറ്റവും ഉയർന്ന വർധനയാണിത്.
ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ സഹസ്ഥാപകനായ മൈക്കൽ ഗ്രീൻസ്റ്റോൺ പറയുന്നത്, കടുത്ത ചൂടിന്റെ മാരകമായ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണക്കാക്കാൻ കഴിയുന്നത് ജീവൻ രക്ഷിക്കാനുള്ള നടപടികൾ നേരത്തേ സ്വീകരിക്കാൻ സഹായിക്കുമെന്നാണ്. ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്ന പ്രദേശങ്ങളെ തിരിച്ചറിഞ്ഞ് സർക്കാരുകൾക്കും നയരൂപകർത്താക്കൾക്കും ഇടപെടാൻ ട്രാക്കർ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എൽ നിനോയുടെ സ്വാധീനത്തിൽ മുംബൈയിലെ വായുമലിനീകരണം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. ഗുഫ്രാൻ ബെയ്ഗ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈ പോലുള്ള നഗരങ്ങളിൽ കാറ്റിന്റെ വേഗത കുറയാൻ സാധ്യതയുണ്ടെന്നും ഇതോടെ മലിനീകരണം നീക്കം ചെയ്യാനുള്ള സ്വാഭാവിക സാഹചര്യം ദുർബലമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ശക്തമായ കാറ്റ് മലിനീകരണം ചിതറിക്കാൻ സഹായിക്കുമ്പോൾ കാറ്റിന്റെ വേഗം കുറയുന്നത് നഗരത്തിൽ മലിനവായു തങ്ങിനിൽക്കാൻ ഇടയാക്കാം.
ഈ വർഷത്തെ എൽ നിനോ 1950നുശേഷമുള്ള ഏറ്റവും ശക്തമായ സംഭവമാണെന്നും അതിന്റെ ഉച്ചസ്ഥിതി ഇനിയും എത്തിയിട്ടില്ലെന്നും ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബറോടെ എൽ നിനോ അതിന്റെ ഉച്ചസ്ഥിതിയിലെത്തുന്നതിന് മുമ്പ് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ഇതിന്റെ ഫലമായി ലോകത്തിന്റെ വലിയൊരു ഭാഗത്ത് ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുകയും മഴയുടെ രീതികളിൽ മാറ്റമുണ്ടാകുകയും ചെയ്യും. ചില പ്രദേശങ്ങളിൽ വരൾച്ചയും മറ്റിടങ്ങളിൽ പ്രളയവും ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും.
സാധാരണയായി രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിൽ രൂപപ്പെടുന്ന എൽ നിനോ ഒമ്പത് മുതൽ 12 മാസം വരെ നീണ്ടുനിൽക്കാറുണ്ട്.

