തെരഞ്ഞെടുപ്പ് സി.സി.ടി.വി,വിഡിയോ ദൃശ്യങ്ങൾ 45 ദിവസം വരെ; നിർദേശവുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധിയും പ്രതിപക്ഷ പാർട്ടികളും അട്ടിമറി ആരോപണം ഉന്നയിച്ച മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പോളിങ് നടപടികളുടെ സി.സി ടി.വി, വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പുറത്തുവിടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ.
സി.സി ടി.വി, വെബ്കാസ്റ്റിങ്, ദൃശ്യങ്ങൾ പങ്കിടുന്നതിൽ സ്വകാര്യവും നിയമപരമായ പ്രശ്നങ്ങളും ഉണ്ടെന്ന് കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഇതു ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും സുപ്രീംകോടതി നിർദേശങ്ങളുടെയും ലംഘനമാകുമെന്നാണ് കമീഷൻ പറയുന്നത്. ഏതെങ്കിലും ഗ്രൂപ്പിനോ വ്യക്തിക്കോ വോട്ടർമാരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ദൃശ്യങ്ങൾ പങ്കിടുന്നത് വോട്ട് ചെയ്തവർക്കും വോട്ട് ചെയ്യാത്തവക്കും ഭീഷണി ഉണ്ടാകും. ഇത്തരം വിഡിയോകൾ ആഭ്യന്തര നിരീക്ഷണത്തിന് മാത്രമാണെന്നും തെരഞ്ഞെടുപ്പ് കേസിൽ കോടതി ആവശ്യപ്പെട്ടാൽ മാത്രമേ പങ്കിടുകയുള്ളൂവെന്നുമാണ് കമീഷൻ നിലപാട്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിങ് ശതമാനത്തിലെ വൻവർധന ചൂണ്ടിക്കാട്ടി പോളിങ് ദിവസത്തെ അഞ്ചിനു ശേഷമുള്ള സി.സി ടി.വി, വെബ്കാസ്റ്റിങ് ദൃശ്യങ്ങളും നിയമസഭ തെരഞ്ഞെടുപ്പിലെയും ലോക്സഭ തെരഞ്ഞെടുപ്പിലെയും വോട്ടർ പട്ടികയും പുറത്തുവിടാൻ രാഹുൽ ഗാന്ധി കമീഷനെ വെല്ലുവിളിച്ചിരുന്നു. ഇതിന് കമീഷൻ മറുപടി നൽകിയതിനു പിന്നാലെയാണ് തെളിവുകൾ പുറത്തുവിടാൻ രാഹുൽ ആവശ്യപ്പെട്ടത്.
ഒത്തുകളി വ്യക്തം -രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെ ഒത്തുകളി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഒത്തുകളി ജനാധിപത്യത്തെ വിഷവത്ക്കരിക്കലാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
45 ദിവസത്തിനുശേഷം വോട്ടെടുപ്പിന്റെ സി.സി ടി.വി, വെബ്കാസ്റ്റിങ്, വിഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയ വാർത്ത പങ്കുവെച്ചാണ് രാഹുൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ആവർത്തിച്ചത്.
ഉത്തരം നൽകുന്നവർതന്നെ തെളിവുകൾ നശിപ്പിക്കുന്നു. വോട്ടർ പട്ടിക നൽകുന്നില്ല, സി.സി ടി.വി ദൃശ്യങ്ങൾ നൽകുന്നില്ല. ഇപ്പോൾ ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നെന്നും രാഹുൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.