ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഒരുക്കം തുടങ്ങി
text_fieldsന്യൂഡൽഹി: ജഗ്ദീപ് ധൻഖറിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചതിനു പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കം തുടങ്ങി. ഒരുക്കം പൂർത്തിയായാലുടൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ അടങ്ങുന്ന ഇലക്ടറൽ കോളജ് തയാറാക്കും. തുടർന്ന് പാർലമെന്റിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള റിട്ടേണിങ് ഓഫിസറെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറെയും നിർണയിക്കും.
നിലവിലുള്ള കക്ഷിനില പ്രകാരം എൻ.ഡി.എക്ക് ലോക്സഭയിൽ 293ഉം രാജ്യസഭയിൽ 133ഉം എം.പിമാരുടെ പിന്തുണയുണ്ട്. മറുഭാഗത്ത് ഇൻഡ്യ സഖ്യത്തിന് യഥാക്രമം 234ഉം 78ഉം എം.പിമാരുടെ പിന്തുണയാണുള്ളത്. മറ്റുള്ളവർ ഇരുസഭകളിലുമായി ആകെ 44 പേരാണുള്ളത്. അതിനാൽ സ്വന്തം നിലക്കുതന്നെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ എൻ.ഡി.എക്ക് കഴിയും.
ജഗ്ദീപ് ധൻഖറിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും അവസാനിച്ചില്ല. ആർ.എസ്.എസിനോടും ബി.ജെ.പിയോടും മറ്റാരേക്കാളും വിധേയനായിരുന്ന ധൻഖറിന് രാജി വെക്കേണ്ടിവന്ന സാഹചര്യം വ്യക്തമാക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ധൻഖർ ഔദ്യോഗിക വസതി ഒഴിയുന്നു
കേന്ദ്ര സർക്കാറുമായി ഭിന്നത മുർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി അപ്രതീക്ഷിതമായി രാജിവെച്ച ജഗ്ദീപ് ധൻഖർ തന്റെ ഔദ്യോഗിക വസതി ഒഴിയാനുള്ള ഒരുക്കത്തിലാണ്. സർക്കാറുമായുള്ള ഏറ്റുമുട്ടൽ അഭിമാന പ്രശ്നമായെടുത്ത ജാട്ട് നേതാവ് രാജിവെച്ച രാത്രിതന്നെ വീടൊഴിയാൻ ഒരുക്കം തുടങ്ങിയിരുന്നു. അതേസമയം, കാണാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾക്ക് സമയം അനുവദിക്കാതെ ധൻഖർ മൗനം തുടരുകയാണ്. ആരോടും ഫോണിൽപോലും സംസാരിക്കാൻ ധൻഖർ തയറായിട്ടില്ല.
സർക്കാറുമായി ഭിന്നതയുണ്ടായിരുന്നെങ്കിലും രാജിക്ക് പിന്നിലുള്ള ഒടുവിലത്തെ പ്രകോപനം എന്തായിരുന്നെന്ന് ഔദ്യോഗികമായി സർക്കാറോ ധൻഖറോ സ്ഥിരീകരിച്ചിട്ടുമില്ല.
രാജിക്കുമുമ്പ് ധൻഖർ രാഷ്ട്രപതി ഭവനിലെത്തി
ന്യൂഡൽഹി: അപ്രതീക്ഷിത രാജിക്കുമുമ്പ്, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനിൽ മുൻകൂട്ടി നിശ്ചയിക്കാത്ത സന്ദർശനം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രാത്രി ഒമ്പതുമണിയോടെയാണ് ധൻഖർ രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട് രാജി സമർപ്പിച്ചത്. അരമണിക്കൂറിനുശേഷം, അദ്ദേഹം രാജിക്കത്ത് എക്സിൽ പരസ്യമാക്കുകയും ചെയ്തു.
ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനം രാജിവെക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ധൻഖർ 2022 ആഗസ്റ്റിലാണ് അധികാരമേറ്റെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.