തെരഞ്ഞെടുപ്പ് കമീഷൻ വാർത്താസമ്മേളനം; ആരോപണങ്ങൾക്ക് മറുപടിയില്ല, പ്രധാന ചോദ്യങ്ങൾ അവഗണിച്ചു
text_fieldsന്യൂഡൽഹി: വാർത്തക്കുറിപ്പ് വഴി മറുപടി നൽകുന്ന പതിവ് വിട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ വാർത്തസമ്മേളനം വിളിച്ചുചേർത്തെങ്കിലും പ്രതിപക്ഷം ഉയർത്തിയ ഗുരുതര ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. മെഷീൻ റീഡബിൾ വോട്ടർപട്ടികയും സി.സി ടി.വി ദൃശ്യങ്ങളും നൽകാത്തത് ന്യായീകരിച്ച കമീഷൻ, രാഷ്ട്രീയ നേതാക്കളുടെ ഭാഷയിലായിരുന്നു രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയത്.
ആരോപണങ്ങൾക്ക് സത്യപ്രസ്താവന നൽകുക, അല്ലെങ്കിൽ മാപ്പ് പറയുക. മറ്റൊരു മാർഗം രാഹുൽ ഗാന്ധിക്ക് മുന്നിലില്ല. ആരോപണങ്ങൾക്ക് പിന്നിലെ അജണ്ട എല്ലാവർക്കും അറിയാമെന്നും കമീഷൻ പറഞ്ഞു.
അതേസമയം, വയനാട്ടിലും റായ്ബറേലിയിലും അട്ടിമറി നടന്നുവെന്ന് ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് സത്യപ്രസ്താവന നൽകണമെന്നോ, മാപ്പ് പറയണമെന്നോ കമീഷൻ പറഞ്ഞതുമില്ല. വോട്ടുകൊള്ള ആരോപണം സംബന്ധിച്ച നിരവധി ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിച്ചെങ്കിലും ഒരോ ചോദ്യത്തിനും ഉത്തരം നൽകുന്നതിനു പകരം അഞ്ചു വീതം ചോദ്യങ്ങൾ കേട്ട് ഒരുമിച്ച് ഉത്തരം നൽകുന്ന രീതിയാണ് കമീഷൻ പയറ്റിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിനു പകരം ഇഷ്ടമുള്ള ചോദ്യത്തിന് ആവശ്യത്തിലധികം സമയം എടുത്തായിരുന്നു മറുപടി. ഇത്തരത്തിൽ നാലു തവണയായി 20ൽ അധികം ചോദ്യങ്ങൾ വന്നെങ്കിലും പ്രധാനപ്പെട്ടതെല്ലാം അവഗണിച്ചു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതിയിൽ ഹരജി നൽകാൻ നിയമമുള്ളപ്പോൾ ഒരു വർഷം പിന്നിട്ട ശേഷമുള്ള ആരോപണത്തിന്റെ ഉദ്ദേശ്യം മനസ്സിലാകും. 45 ദിവസത്തെ സമയപരിധി പിന്നിട്ട ശേഷം കേരളത്തിലായാലും കർണാടകയിലായാലും ബിഹാറിലായാലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. ഈ സമയത്ത് സ്ഥാനാർഥിയോ രാഷ്ട്രീയ പാർട്ടിയോ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തിൽ വർഷം പിന്നിട്ട ശേഷമുള്ള ആരോപണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും കമീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷന് അവരുടെ കഴിവുകേടിന്റെ പേരില്‍ മാത്രമല്ല, നഗ്നമായ പക്ഷപാതത്തിന്റെ പേരിലും പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടുന്നതാണ് വാർത്തസമ്മേളനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഉന്നയിച്ച സുപ്രധാന ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. വോട്ടര്‍പട്ടികയിലെ തിരുത്തലുകളുടെ ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യക്തികളുടെയും തലയില്‍ കെട്ടിവെക്കാനാണ് കമീഷന് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ‘വോട്ട് അവകാശ യാത്ര’ ആരംഭിച്ചതിന് തൊട്ടുപിന്നാലെതന്നെ കമീഷന് വാര്‍ത്തസമ്മേളനം നടത്തിയത് സംശയാസ്പദമാണെന്ന് ജയ്റാം രമേശ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.