തെരഞ്ഞെടുപ്പുകാല സൗജന്യ പ്രഖ്യാപനം ഗുരുതര വിഷയം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിനുമുമ്പ് യുക്തിസഹമല്ലാത്ത സൗജന്യങ്ങൾ സർക്കാർ വാരിക്കോരി പ്രഖ്യാപിക്കുന്നത് ഗുരുതര വിഷയമാണെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസയച്ചു.
പൊതുഖജനാവിൽനിന്ന് പണമെടുത്ത് അന്യായമായ സൗജന്യങ്ങൾ വിതരണം ചെയ്യുകയോ വാഗ്ദാനം മുന്നോട്ടുവെക്കുകയോ ചെയ്യുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിലാണ് കോടതി നടപടി. അത്തരം രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കുകയും തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കുകയും വേണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
വിഷയം ഗൗരവമുള്ളതാണെങ്കിലും പ്രശ്നപരിഹാരത്തിന് കോടതിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. പതിവു ബജറ്റ് മറികടന്നാണ് സൗജന്യങ്ങളുടെ ബജറ്റ് അവതരിപ്പിക്കുന്നത്. അത് എങ്ങനെ നിയന്ത്രിക്കാമെന്ന് അറിയാൻ താൽപര്യമുണ്ട്. കോടതിക്ക് ചെയ്യാൻ കഴിയുന്നത് പരിമിതമാണ്. അതനുസരിച്ച് ചട്ടം രൂപപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷനോട് നേരത്തെ കോടതി ആവശ്യപ്പെട്ടതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പിന്റെ പരിധിയിൽവരുന്ന വഴിവിട്ട ഏർപ്പാടായി കാണാനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച് പ്രകടനപത്രികയിലെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ മാർഗനിർദേശം രൂപപ്പെടുത്താൻ ഇതിനൊപ്പം നിർദേശിച്ചിരുന്ന കാര്യമാണ് ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ഖജനാവിലെ പൊതുപണമാണ് സൗജന്യ വാഗ്ദാനത്തിന് ഉപയോഗിക്കുന്നതെന്ന് ഹരജിക്കാരനായ അശ്വിനികുമാർ ഉപാധ്യായയുടെ അഭിഭാഷകൻ വികാസ് സിങ് ചൂണ്ടിക്കാട്ടി.
ആളൊന്നിന് മൂന്നുലക്ഷം രൂപ പൊതുകടമുള്ള സംസ്ഥാനങ്ങൾ വരെ ഇങ്ങനെ സൗജന്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ചട്ടമുണ്ടാക്കാൻ കോടതി പറഞ്ഞപ്പോൾ പല്ലും നഖവുമില്ലാത്ത ചട്ടം അവർ ഉണ്ടാക്കി. എല്ലാ പാർട്ടിയും ചെയ്യുന്നത് ഒന്നുതന്നെ.
സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടക്കേണ്ടപ്പോൾ പൊതുപണം ചൂണ്ടിക്കാട്ടി സൗജന്യം വാഗ്ദാനം ചെയ്യുന്നത് ഭരണഘടനയുടെ 162, 266 (3), 282 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിക്കാരൻ വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.