വിരമിക്കുന്നത് വരെ കാത്തിരിക്കേണ്ട, പി.എഫിലെ മുഴുവൻ തുകയും പിൻവലിക്കാം; ഇ.പി.എഫ്.ഒ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡൽഹി: ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ നിന്ന്(എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ വലിയ മാറ്റം വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ഓരോ 10 വർഷം കൂടുമ്പോഴും അവരുടെ പി.എഫ് അക്കൗണ്ടിലെ മുഴുവൻ തുകയോ കുറച്ചു ഭാഗമോ പിൻവലിക്കാൻ അനുവദിക്കണമെന്ന നിർദേശം റിട്ടയർമെന്റ് ഫണ്ട് ബോഡി മുന്നോട്ട് വെച്ചതായാണ് മണികൺട്രോൾ റിപ്പോർട്ട്.
സംഘടിത സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഏഴ് കോടിയിലേറെ വരുന്ന ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ആശ്വാസം പകരുന്ന നിർദേശമാണിത്.
10 വർഷം സർവീസ് പൂർത്തിയാക്കുന്ന അംഗങ്ങൾക്ക് തുക പിൻവലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായാണ് മണികൺട്രോൾ റിപ്പോർട്ടിൽ പറയുന്നത്. 58 വയസാണ് ഇ.പി.എഫ്.ഒ അംഗങ്ങളുടെ വിരമിക്കൽ പ്രായം. എന്നാൽ തുക പിൻവലിക്കുന്നതിനായി അതു വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. നേരത്തേ വിരമിക്കാനാഗ്രഹിക്കുന്നവരെയും അനിവാര്യ കാരണങ്ങളാൽ ജോലി വിടാൻ നിർബന്ധിതരായവരെയും സഹായിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം ജീവനക്കാർക്ക് തങ്ങൾ അധ്വാനിച്ച് നിക്ഷേപിച്ച പണം പിൽവലിക്കാൻ 58വയസ് വരെ കാത്തിരിക്കേണ്ടതില്ല എന്നാണ് പറയുന്നത്.
നിലവിൽ 58 വയസിൽ വിരമിക്കുമ്പോഴോ ജോലി ഒഴിവാക്കി രണ്ട് മാസത്തിന് ശേഷമോ മാത്രമേ ഇ.പി.എഫിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ 35-40 വയസിൽ തൊഴിൽ മേഖല മാറാൻ ആഗ്രഹിക്കുന്നവരോ എന്തെങ്കിലും കാരണത്താൽ സ്ഥിരം ജോലി ചെയ്യാൻ കഴിയാത്തവരോ ആയ നിരവധി പേരുണ്ടായിരിക്കും. ഇത്തരം ആളുകൾക്ക് പുതിയ മാറ്റം പ്രയോജനപ്പെടും.
പ്രയോജനം ആർക്കൊക്കൊക്കെ?
ജോലിയിൽ 10 വർഷമോ അതിൽ കൂടുതലോ സേവനം പൂർത്തിയാക്കിയ, എന്നാൽ ഇനി ഒരു സ്ഥിരം ജോലിയിൽ തുടരാനോ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാനോ ആഗ്രഹിക്കാത്ത ആളുകൾ.
നേരത്തെ വിരമിക്കാൻ പദ്ധതിയിടുന്നവരോ ജോലിയോടൊപ്പം പഠനം, സ്റ്റാർട്ടപ്പ് അല്ലെങ്കിൽ ഫ്രീലാൻസിങ് എന്നിവ പിന്തുടരാൻ ആഗ്രഹിക്കുന്ന യുവാക്കൾ.
വിവാഹം, മാതൃത്വം അല്ലെങ്കിൽ കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കുന്ന സ്ത്രീകൾ.
പുതിയ മാറ്റങ്ങൾ
പി.എഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് കേന്ദ്ര സർക്കാറും ഇ.പി.എഫ്.ഒയും സമീപ കാലത്തായി നിരവധി സുപ്രധാന നടപടികൾ കൊണ്ടുവന്നിട്ടുണ്ട്. യു.പി.എ വഴി വേഗത്തിൽ പിൻവലിക്കാൻ കഴിയുന്ന തുക ഒരുലക്ഷമായി ഉയർത്തിയത് അതിലൊന്നായിരുന്നു. അതനുസരിച്ച് നിലവിൽ എ.ടി.എം വഴിയോ യു.പി.എ വഴിയോ പി.എഫ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പെട്ടെന്ന് പിൻവലിക്കാൻ കഴിയും. ചിലയിടങ്ങളിൽ മാത്രമേ ഇത് നടപ്പായിട്ടുള്ളൂ. അടിയന്തര സാഹചര്യങ്ങളിൽ പണം ആവശ്യമായി വരുന്നവർക്ക് ഇത് വലിയ സഹായമായി മാറും.
ഓട്ടോ-സെറ്റിൽമെന്റ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തി.
നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ സ്വയമേവ തീർപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ പരിധി അഞ്ചു ലക്ഷം രൂപയായി വർധിപ്പിച്ചു.
ഡോക്യുമെന്റുകളുടെ എണ്ണം കുറച്ചു
നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി ക്ലെയിം വെരിഫിക്കേഷന് ആവശ്യമായ രേഖകളുടെ എണ്ണം ഇ.പി.എഫ്.ഒ 27 ൽ നിന്ന് 18 ആയി കുറച്ചു. ഇതോടെ, ഇപ്പോൾ 3–4 ദിവസത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാകും.
അതുപോലെ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ പി.എഫ് അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുക പിൻവലിക്കാം. ആ പണം വീടിന്റെ ഡൗൺ പേയ്‌മെന്റിനോ ഇ.എം.ഐക്കോ ആയി ഉപയോഗിക്കണം എന്ന് വ്യവസ്ഥയുണ്ട്.
ഭാവിയിൽ ഇ.പി.എഫ്.ഒ 3.0 എന്ന പുതിയ പതിപ്പ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇ.പി.എഫ്.ഒ. അതിൽ യു.പി.ഐ പേയ്‌മെന്റ്, മൊബൈൽ ആപ്പ്, എ.ടി.എം കാർഡ് പിൻവലിക്കൽ, ഓൺലൈൻ സർവീസ് ട്രാക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടും. ഇതോടെ, പി.എഫ് അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും സേവനങ്ങൾ ലഭിക്കും.
കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് സിസ്റ്റം: പെൻഷൻകാർക്ക് ഇപ്പോൾ ഏത് ബാങ്ക് ശാഖയിൽ നിന്നും പെൻഷൻ എടുക്കാൻ സൗകര്യമുണ്ട്. 2024 ഡിസംബറോടെ രാജ്യമെമ്പാടും ഈ സൗകര്യം നടപ്പാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.