സഞ്ജയ് കപൂറിന്റെ കുടുംബത്തിലെ സ്വത്ത് തർക്കം മഹാഭാരത യുദ്ധത്തെപ്പോലും വെല്ലുന്നതെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂറും ഭാര്യ പ്രിയ കപൂറും തമ്മിലുള്ള സ്വത്ത് തർക്കം മഹാഭാരത യുദ്ധത്തെപ്പോലും വെല്ലുന്നതാണെന്ന് സുപ്രീം കോടതി. കേസിൽ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ മധ്യസ്ഥനായി നിയമിച്ചതിന് പിന്നാലെ പുതിയ ഹരജി സമർപ്പിക്കപ്പെട്ടപ്പോഴാണ് കോടതിയുടെ ഈ പരാമർശം. വിഷയം ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് മെയ് 14 ന് പരിഗണിക്കും.
മെയ് ഏഴിലെ സുപ്രീം കോടതി ഉത്തരവ് ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് റാണി കപൂർ പുതിയ അപേക്ഷ നൽകിയത്. രണ്ട് പാർട്ടികളും മധ്യസ്ഥതക്ക് സമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മുൻ ചീഫ് ജസ്റ്റിസിനെ കോടതി മധ്യസ്ഥനായി നിയമിച്ചത്. തർക്കം കുടുംബത്തിനുള്ളിൽ തന്നെ ഒത്തുതീർപ്പാക്കണമെന്നും പരസ്യപ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി കർശന നിർദേശം നൽകിയിരുന്നു. അതിനാൽ മധ്യസ്ഥനിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.
കുടുംബ ട്രസ്റ്റ് അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാണി കപൂർ കോടതിയെ സമീപിച്ചത്. 2017 ഒക്ടോബറിൽ രൂപീകരിച്ച ഈ ട്രസ്റ്റ് വ്യാജ രേഖകൾ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നാണ് മാതാവ് റാണി കപൂറിന്റെ ആരോപണം. ഡൽഹി ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വത്ത് തർക്കത്തിൽ, ട്രസ്റ്റിന്റെ ആസ്തികളിൽ നിലവിലെ സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതിയിലെ ഹരജിയിലെ ആവശ്യം. പ്രിയ കപൂറിന്റെ ആസ്തികൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നടപടികൾ ഇതിനോടകം തന്നെ ഡൽഹി ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റിന്റെ നിയന്ത്രണത്തിനായി അമ്മായിയമ്മയും മരുമകളും തമ്മിലുള്ള നിയമപോരാട്ടം സമൂഹത്തിൽ പരസ്യമാക്കിയതിനെ കോടതി നേരത്തേ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതൊരു കുടുംബ തർക്കമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ ഒതുങ്ങണമെന്നും കോടതി നിർദേശിച്ചു. മറ്റുള്ളവർക്ക് വിനോദത്തിനുള്ള വകയായി ഇത് മാറരുതെന്നും തുറന്ന മനസ്സോടെ മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്ത് എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണ് കക്ഷികൾ ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സഞ്ജയ് കപൂറിന്റെ പേരിലുള്ള ഫാമിലി ട്രസ്റ്റിന്റെ നിയന്ത്രണത്തെ ചൊല്ലിയാണ് നിലവിൽ തർക്കം നടക്കുന്നത്. 80 വയസ്സുകാരിയായ റാണി കപൂർ തന്റെ മരുമകൾ പ്രിയാ കപൂറിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. താൻ പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത്, തന്റെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബ സ്വത്തുകൾ 'റാണി കപൂർ ഫാമിലി ട്രസ്റ്റി'ലേക്ക് മാറ്റിയെന്നാണ് റാണി കപൂർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

