ദേശസ്നേഹികളായ എല്ലാ ഇന്ത്യക്കാരും ഉത്തരങ്ങൾ തേടിയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ദേശസ്നേഹികളായ എല്ലാ ഇന്ത്യക്കാരും ചൈനയുടെ അധിനിവേശം സംബന്ധിച്ച് സർക്കാറിൽനിന്ന് ഉത്തരം തേടിയിട്ടുണ്ടെന്ന് കോൺഗ്രസ് സുപ്രീംകോടതി പരാമർശങ്ങളോട് പ്രതികരിച്ചു. എന്നാൽ ‘നിഷേധിക്കുക, ശ്രദ്ധ തിരിക്കുക, കള്ളം പറയുക, ന്യായീകരിക്കുക’ എന്ന നയത്തിലൂടെ മോദി സർക്കാർ സത്യം മറച്ചുവെക്കാനും മറയ്ക്കാനുമാണ് തീരുമാനിച്ചതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
2020 ജൂൺ 15 ന് ഗാൽവാനിൽ 20 ധീരജവാന്മാർ രക്തസാക്ഷികളായ ശേഷം ദേശസ്നേഹികളായ ഓരോ ഇന്ത്യക്കാരനും ഉത്തരങ്ങൾ തേടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 1962 ന് ശേഷം ഇന്ത്യ ചൈനയിൽനിന്ന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിക്ക് മോദി സർക്കാറാണ് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ ജയ്റാം രമേശ്, രാഹുലിന്റെ നിലപാടിനെ ന്യായീകരിച്ച് നിരവധി ചോദ്യങ്ങൾ ചോദിച്ചു.
ഗാൽവാനിൽ നമ്മുടെ സൈനികർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച് നാലുദിവസത്തിന് ശേഷം 2020 ജൂൺ 19 ന് പ്രധാനമന്ത്രി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയത് എന്തുകൊണ്ടാണ്? 2020 ഏപ്രിലിലെ സ്ഥിതിയിലേക്ക് ഞങ്ങൾ തിരികെ പോകാൻ ആഗ്രഹിക്കുന്നുവെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറയുന്നുണ്ട്. എന്നാൽ 2024 ഒക്ടോബർ 21ലെ പിൻവലിക്കൽ കരാർ നമ്മെ വീണ്ടും തൽസ്ഥിതിയിലേക്ക് കൊണ്ടുപോകുന്നുണ്ടോ? തുടങ്ങിയവ ജയ്റാം രമേശ് ഉയർത്തിയ ചോദ്യങ്ങളിൽപ്പെടും.
രാഹുൽ ഗാന്ധി ഭരണഘടനയെ ദുർബലപ്പെടുത്തുന്നെന്ന് ബി.ജെ.പി
ന്യൂഡൽഹി: ഒരേസമയം ഭരണഘടന ഉയർത്തിക്കാട്ടുകയും മറുവശത്ത് അതിനെ ദുർബലപ്പെടുത്തുന്ന നിലപാടെടുക്കുകയുമാണ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി. രാഹുലിന്റെ വിവേകരഹിതമായ പരാമർശങ്ങൾ സായുധ സേനയുടെ ആത്മവീര്യം കെടുത്തുകയും ശത്രുരാജ്യങ്ങളുടെ താൽപര്യങ്ങളെ സഹായിക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
കോടതി നൽകിയ സന്ദേശത്തിൽ സന്തോഷം -കേന്ദ്രം
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സുപ്രീംകോടതിയുടെ പരാമർശം ഗൗരവത്തോടെ കാണുന്നെന്നും കോടതി ഇത്തരമൊരു സന്ദേശം നൽകിയതിൽ സന്തോഷമുണ്ടെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇനിയെങ്കിലും രാഹുൽ ഇത്തരം പ്രസ്താവനകൾ നടത്തരുത്. എന്തുമേതും ആലോചിച്ച് പറയണം. സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്ന പണി ചെയ്യരുത്. ഇന്ത്യൻ താൽപര്യങ്ങളെയും സ്ഥാപനങ്ങളെയും പൈശാചികവത്കരിക്കുന്നവർക്കുള്ള പാഠമാണ്. ഇന്ത്യയുടെ 2000 കിലോമീറ്റർ ഭൂപ്രദേശം ചൈന പിടിച്ചെന്ന വിവരം എവിടെ നിന്ന് കിട്ടിയെന്ന് രാഹുൽ വ്യക്തമാക്കണമെന്നും കിരൺ റിജിജു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.